ബുര്‍ജ് ഖലീഫയെ ചൂറ്റുന്ന ഭീമന്‍ വളയം, ദുബായിയുടെ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍
550 മീറ്റര്‍ ഉയരത്തില്‍, മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയെ വളയം ചെയ്യുന്നതാണ് ഈ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍
ദുബായിയിലേക്ക് (Dubai) നോക്കി ലോകം ആശ്ചര്യപ്പെടാന്‍ ഒരു കാര്യം കൂടി, അതാവും ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ (Downtown Circle). 550 മീറ്റര്‍ ഉയരത്തില്‍, മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയെ വളയം ചെയ്യുന്നതാണ് ഈ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനേറ സ്‌പെയ്‌സ് (Znera Space ) ആണ് ഈ ആശയത്തിന് പിന്നില്‍.
കോവിഡിന്റെ സമയത്ത്, നഗരങ്ങളില്‍ പ്രത്യേകിച്ച് വലിയ കെട്ടിടങ്ങളില്‍ ആളുകള്‍ ജീവിതം തള്ളിനീക്കേണ്ട അവസ്ഥ ഉണ്ടായയി. അതില്‍ നിന്നാണ് ഈ ഒരു ഡിസൈന്‍ ഉടലെടുത്തതെന്ന് സിനേറയുടെ സ്ഥാപകരായ നജ്മസ് ചൗധരിയും റേമേസും പറയുന്നു. ദുബായി ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ നടത്തുന്ന ഡിസൈന്‍ മത്സരത്തിലേക്കുള്ള കമ്പനിയുടെ ഔദ്യോഗിക എന്‍ട്രി കൂടിയാണ് ഡൗണ്‍ടൗണിന്റെ ഡിസൈന്‍.
5 ബീമുകളില്‍ സ്ഥാപിക്കുന്ന ഡൗണ്‍ടൗണില്‍ താമസയിടങ്ങള്‍, പൊതു സ്ഥലങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഉണ്ടാവും. സൗരോര്‍ജ്ജ പ്ലാന്റ്, സസ്യജാലങ്ങള്‍, വെള്ളച്ചാട്ടം, മണല്‍ത്തിട്ടകള്‍, മലകള്‍ തുടങ്ങി ഭൂമിയുടെ തനിപ്പകര്‍പ്പായാണ് ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ വിഭാവനം ചെയ്യുന്നത്. 100 കി.മി വേഗത്തില്‍ സഞ്ചരിക്കാനാവുന്ന പോഡുകളും സള്‍ക്കിളിന്റെ ഭാഗമാണ്. പദ്ധതിക്ക് എത്ര രൂപ ചെലവ് വരും എന്ന കാര്യം സിനേറ വ്യക്തമാക്കിയിട്ടില്ല.