ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ദുബായില്‍, വിശേഷങ്ങള്‍ അറിയാം
കാര്‍ മാര്‍ക്കറ്റിന്റെ നടത്തിപ്പ് ചുമതല ഡി.പി. വേള്‍ഡിനാണ്
'ദുബായ് കാര്‍ മാര്‍ക്കറ്റ്'... ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ഇനി ആ പേരിലാകും അറിയപ്പെടുക. ദുബായ് ഗവണ്‍മെന്റും എമിറേറ്റ്സിലെ പ്രമുഖ ആഗോള കമ്പനിയായ ഡി.പി.വേള്‍ഡും പുതിയ ബൃഹത് പദ്ധതിക്ക് കരാര്‍ ഒപ്പുവെച്ചു. ഓട്ടോമോട്ടീവ് രംഗത്ത് ദുബായിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളുമാകും.
രണ്ട് കോടി ചതുരശ്ര അടി വിസ്തൃതി
ദുബായ് കാര്‍ മാര്‍ക്കറ്റിന്റെ വിസ്തൃതി രണ്ട് കോടി ചതുരശ്ര അടിയാകും. നിലവില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഫ്രീ ഇക്കണോമിക് സോണില്‍ 28 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഓട്ടോമോട്ടീവ് ഏരിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് രണ്ട് കോടി ചതുരശ്ര അടിയിലേക്ക് വിപുലീകരിക്കുന്നത്. നിലവില്‍ ഏഴു കോടി ദിര്‍ഹമാണ് ഈ മേഖലയുടെ വിപണി മൂല്യം. പുതിയ പദ്ധതി വരുന്നതോടെ ഇത് മൂന്നു മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പറഞ്ഞു.
നിയന്ത്രണം ഡി.പി വേള്‍ഡിന്
കാര്‍ മാര്‍ക്കറ്റിന്റെ നടത്തിപ്പ് ചുമതല ഡി.പി. വേള്‍ഡിനാണ്. 86 രാജ്യങ്ങളിലായി അവര്‍ക്ക് 430 ബിസിനസ് യൂണിറ്റുകളുണ്ട്. ഇവയെ ബന്ധിപ്പിച്ചായിരിക്കും ദുബായ് കാര്‍ മാര്‍ക്കറ്റിനെ വിപുലീകരിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിയുടെ കീഴിലുള്ള 77 തുറമുഖങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് ഡി.പി.വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു.
വില്‍പ്പന മുതല്‍ ഫിനാന്‍സ് വരെ
പുതിയ കാര്‍ മാര്‍ക്കറ്റ്, ദുബായ് സര്‍ക്കാരിന്റെ ഇക്കണോമിക് അജണ്ടയായ ഡി-33 ന്റെ ഭാഗമാകും. ലോകോത്തര കാറുകളുടെ നിര്‍മ്മാണം, വില്‍പ്പന, സര്‍വീസ്, കാര്‍ ഫിനാന്‍സ്,ഓട്ടോ മോട്ടീവ് ഉല്‍പന്നങ്ങളുടെ വില്‍പ്പന തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. ലോക നിലവാരത്തിലുള്ള ഓട്ടോ എക്സ്പോയും ഇവിടെ നടക്കും. ഈ രംഗത്തെ പുത്തന്‍ ട്രെന്റുകളെ പരിചയപ്പെടാനുള്ള വേദിയാകും.
ലക്ഷ്യമിടുന്നത് നിക്ഷേപം
ഓട്ടോമോട്ടീവ് രംഗത്ത് വിദേശ നിക്ഷപം കൂടുതല്‍ ആകര്‍ഷിക്കാനാണ് ഇതുവഴി ദുബായ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍, സേവന ദാതാക്കള്‍, ഫിനാന്‍്സ് കമ്പനികള്‍, ഈവന്റ് കമ്പനികള്‍ തുടങ്ങിയവര്‍ നിക്ഷേപവുമായ എത്തുമെന്നാണ് പ്രതീക്ഷ. ഫ്രീ ഇക്കണോമിക് സോണില്‍ നിക്ഷേപകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.