ലോകമാമാങ്കത്തിന് തുടക്കം, അവിശ്വസനീയ വിരുന്നൊരുക്കി ദുബായ്
4.3 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് എക്‌സ്‌പോ നഗരം ദുബായ് സൃഷ്ടിച്ചെടുത്തത്
എക്‌സ്‌പോയുടെ ചരിത്രത്തിലെ പുത്തന്‍ അധ്യായത്തിന് മിഴിതുറന്ന് ദുബായ്. 170 ാമത് ലോകമാമാങ്കത്തിലാണ് ദുബായില്‍ തുടക്കമായത്. ആദ്യമായാണ് ദുബായ് ഒരു എക്‌സ്‌പോയ്ക്ക് വേദിയാകുന്നത് എന്നതിനാല്‍ തന്നെ അവിശ്വസനീയമായ കാഴ്ചകളാണ് എക്‌സ്‌പോ നഗരിയില്‍ ദുബായ് ഒരുക്കിയിട്ടുള്ളത്. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ഓളം ലൈവ് ഇവന്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
4.3 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് എക്‌സ്‌പോ നഗരം ദുബായ് സൃഷ്ടിച്ചെടുത്തത്. അറബിക് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ എക്‌സ്‌പോ നഗരിയിലെ പ്രധാനവേദി 'അല്‍-വാസല്‍' ആണ്. ആഴ്ചയില്‍ എല്ലാദിവസവും എക്‌സ്‌പോ നഗരത്തില്‍ പ്രവേശനമുണ്ടായിരിക്കും. ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 10 മുതല്‍ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിവരെയുമാണ് സന്ദര്‍ശനസമയം.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
95 ദിര്‍ഹമാണ് സിംഗിള്‍ എന്‍ട്രിക്ക് ഈടാക്കുന്നത്. 195 ദിര്‍ഹത്തിന് 30 ദിവസത്തേക്കുള്ള ടിക്കറ്റും 495 ദിര്‍ഹത്തിന് ആറ് മാസത്തേക്കുള്ള ടിക്കറ്റും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. എന്നാല്‍ ഒക്ടോബര്‍ 15ന് മുമ്പ് 95 ദിര്‍ഹം നല്‍കി ടിക്കറ്റെടുക്കുന്നവര്‍ക്ക് 'ഒക്ടോബര്‍ പാസി'ലൂടെ 31 ദിവസം എക്‌സ്‌പോ നഗരി സന്ദര്‍ശിക്കാവുന്നതാണ്.
അതേസമയം, കുട്ടികള്‍, 18 വയസിന് താഴെ പ്രായമുള്ളവര്‍, ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂടാതെ, വിവിധ വിമാനക്കമ്പനികളും ദുബായിലെത്തുന്ന യാത്രക്കാര്‍ക്കായി സൗജന്യ എക്‌സ്‌പോ എന്‍ട്രി ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്.