35 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നത് 38 ലക്ഷം ജനങ്ങള്‍; ദുബൈയില്‍ ജനസംഖ്യ കുതിച്ചുയരുന്നു; കോവിഡിന് ശേഷമുള്ള വലിയ വര്‍ധന

ജനസംഖ്യയുടെ 80 ശതമാനത്തിലേറെ വിദേശികള്‍; ഇതര എമിറേറ്റുകളില്‍ നിന്ന് മെച്ചപ്പെട്ട ജോലി തേടിയെത്തുന്നവരുടെ എണ്ണവും കൂടുന്നു

35 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ദുബൈ നഗരത്തില്‍ താമസിക്കുന്നത് 38.25 ലക്ഷം പേര്‍. ദുബൈ നിവാസികളും തൊഴില്‍ തേടി വിദേശത്തു നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നും എത്തി താമസിക്കുന്നവരും ഉള്‍പ്പടെയുള്ളവരുടെ കണക്കാണിത്. ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. 2018 ന് ശേഷം ജനസംഖ്യയില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായത് കഴിഞ്ഞ വര്‍ഷമാണെന്നും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ല്‍ മാത്രം 1.69 ലക്ഷം പേര്‍ നഗരത്തില്‍ അധികമായെത്തി. ഇതിന് മുമ്പ് 2018 ലാണ് ജനസംഖ്യയില്‍ വലിയ വര്‍ധനയുണ്ടായത്. അന്ന് 2.15 ലക്ഷം ജനങ്ങളാണ് വര്‍ധിച്ചത്. ദുബൈ നഗരത്തിലെ നിവാസികളില്‍ 80 ശതമാനത്തിലേറെ വിദേശികളാണെന്ന് നേരത്തെ കണക്കുകള്‍ പുറത്തു വന്നിരുന്നു.

കോവിഡിന് ശേഷം വലിയ കുതിപ്പ്

കോവിഡ് കാലത്തിന് ശേഷം ദുബൈ ജനസംഖ്യയില്‍ വലിയ വര്‍ധനയാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ല്‍ 67,000, 2022 ല്‍ 71,500, 2023 ല്‍ 1.04 ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ വര്‍ധിച്ചത്. കോവിഡ് കാലത്തും മറ്റ് എമിറേറ്റുകളില്‍ നിന്നുള്ളവര്‍ ദുബൈയിലേക്ക് താമസം മാറ്റിയിരുന്നു. 2020 ല്‍ 54,000 പേര്‍ നഗരത്തില്‍ പുതിയതായി എത്തി. ഇതര എമിറേറ്റുകളില്‍ നിന്നും മെച്ചപ്പെട്ട ജോലി തേടിയെത്തി ദുബൈയില്‍ താമസമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പകല്‍ സമയങ്ങളില്‍ 10 ലക്ഷം പേര്‍ നഗരത്തിലൂടെ കടന്നു പോകുന്നു. ജോലി, ബിസിനസ് മീറ്റിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ പ്രവേശിക്കുന്നവരാണിത്.

വിപണിക്ക് പ്രതീക്ഷ

ജനസംഖ്യയിലെ വര്‍ധന വിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് യുഎഇ ഫിന്‍ എക്‌സ്പര്‍ടൈസ് പാര്‍ട്ണര്‍ ആത്തിക് മുന്‍ഷി അഭിപ്രായപ്പെടുന്നത്. താമസ സ്ഥലത്തിനുള്ള ഡിമാന്റ് വര്‍ധിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാക്കും. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, ട്രാസ്‌പോര്‍ട്ടേഷന്‍, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യമേഖലക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ കണക്കുകള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ആവശ്യക്കാരും വര്‍ധിക്കും. അതേസമയം, ട്രാഫിക് ജാം പോലുള്ള ബുദ്ധിമുട്ടുകള്‍ അധികരിക്കുകയാണെന്നും അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിക്കേണ്ടി വരുമെന്നും ആത്തിക് പറയുന്നു.

Related Articles
Next Story
Videos
Share it