ദുബായ് താമസ വിസയുണ്ടെങ്കില്‍ തിങ്കളാഴ്ച മുതല്‍ എമിറേറ്റ്‌സിലേക്ക് മടങ്ങാം; മലയാളികള്‍ കാത്തിരിക്കേണ്ടി വരും

Update: 2020-06-22 09:28 GMT

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ദുബായ് താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റ്‌സിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. അതിനാല്‍ തന്നെ ദുബായില്‍ തിരിച്ചെത്താന്‍ പ്രവാസി മലയാളികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ജുലൈ ഏഴ് മുതല്‍ വിനോദസഞ്ചാരികള്‍ക്കും ദുബായിലെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് 19 പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെന്ന റിപ്പോട്ട് കൈവശം ഉണ്ടായിരിക്കണം.

അതേസമയം താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം. കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തേക്കാണ് ക്വാറന്റീന്‍. വീടുകളില്‍ സ്വന്തമായി ഒരു മുറിയും ശുചിമുറിയും ഉള്ളവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കും.അല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പോകണം. ഈ ടെസ്റ്റിനും മറ്റു കാര്യങ്ങള്‍ക്കുമാകുന്ന പൂര്‍ണ ചെലവ് അവരവര്‍ വഹിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ കൊവിഡ്19 റഃയ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം.

അതുമല്ലെങ്കില്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകണം. ജൂണ്‍ 23 മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട് യുഎഇ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും അനുമതി നല്‍കുക. ഇവര്‍ തിരിച്ചെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്തണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News