ഇതുവരെ 12 ലക്ഷം പേരാണ് ഉയര്‍ന്ന പെന്ഷന് ഓപ്ഷന് അപേക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
2022 നവംബര്‍ നാലിനാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന കേസില്‍ സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷനായി ഓപ്ഷന്‍ നല്‍കാം. ഉയര്‍ന്നശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ തൊഴിലാളിയും തൊഴിലുടമയും സംയുക്തമായി ഓപ്ഷന്‍ നല്‍കണം.
ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കുന്നവര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരും. പഴയ സര്‍വീസ് കാലത്ത് ഉയര്‍ന്ന ശമ്പള പരിധിക്ക് മുകളില്‍ പി.എഫിലേക്ക് അടച്ച തുകയും അതിനു ലഭിച്ച പലിശയും പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം. ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കുമ്പോള്‍ കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുമെന്നതിനാല്‍ പി.എഫ് തുകയില്‍ കുറവു വരും.
ഇ.പി.എഫും ഇ.പി.എസും
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്), എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം(ഇ.പി.എസ്) എന്നീ രണ്ട് പദ്ധതി പ്രകാരമാണ് എല്ലാ ശമ്പളക്കാര്‍ക്കും പ്രൊവിഡന്റ് ഫണ്ടും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കുന്നത്. രണ്ടും നിയന്ത്രിക്കുന്നത് എംപ്ലോയീ പ്രോവിഡിന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ്(ഇ.പി.എഫ്.ഒ).
ഓരോ മാസവും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന ശമ്പളത്തിന്റെ 12 ശതമാനമാണു നിലവില്‍ തൊഴിലാളിയും തൊഴിലുടമയും പി.എഫ്.വിഹിതമായി അടയ്‌ക്കേണ്ടത്. എന്നാല്‍ ജീവനക്കാരുടെ വിഹിതം പൂര്‍ണമായും ഇ.പി.എഫ് അക്കൗണ്ടിലേക്ക് പോകുമ്പോള്‍ തൊഴിലുടമ നല്‍കുന്ന വിഹിതത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കും ശേഷിച്ച 3.67 ശതമാനം ഇ.പി.എഫിലേക്കുമാണ് പോകുന്നത്.
ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് ഇ.പി.എഫിലുള്ള മുഴുവന്‍ തുകയും അതിന്റെ പലിശയും ഒറ്റത്തവണയായി റിട്ടയര്‍മെന്റ് ആനുകൂല്യമായി തിരികെ ലഭിക്കും അതേസമയം, ഇ.പി.എസിലുള്ള തുക വരിമിക്കുന്നതുവരെ വളര്‍ന്നുകൊണ്ടേയിരിക്കും. വിരമിച്ച ശേഷം ഈ തുക ഉപയോഗിച്ചാണ് പെന്‍ഷന്‍ നല്‍കുക. പി.എഫ് അക്കൗണ്ടുടമ മരണപ്പെട്ടാല്‍ പങ്കാളിക്ക് 50 ശതമാനം തുക പെന്‍ഷനായി ലഭിക്കും. ഇനി പങ്കാളിയും മരണപ്പെട്ടാല്‍ കുട്ടികള്‍ക്ക് 25 ശതമാനം വരുന്ന തുക അവരുടെ 25 വയസ് എത്തുന്നതു വരെ ലഭിക്കും. വിധവ പെന്‍ഷന്‍ കൂടാതെയാണിത്. ഈ പെന്‍ഷന്‍ തുക ശമ്പളത്തിന് ആനുപാതികമായി ഉയര്‍ത്തമെന്നതാണ് സപ്രീംകോടതിയുടെ നവംബറിലെ വിധി.
നേരത്തെ ഇങ്ങനെ
1995 നവംബര്‍ മുതല്‍ 2011 മേയ് വരെ പരമാവധി ശമ്പള പരിധി 5,000 രൂപയും പെന്‍ഷന്‍ വിഹിതം 417 രൂപയുമായിരുന്നു. 2011 ജൂണ്‍ മുതല്‍ 2014 ആഗസ്റ്റ് വരെ ശമ്പള പരിധി 6500 രൂപയും വിഹിതം 541 രൂപയുമായി. 2014 സെപ്റ്റംബര്‍ മുതല്‍ ശമ്പള പരിധി 15,000 രൂപയാക്കി. പെന്‍ഷന്‍ വിഹിതം 1250 രൂപയും.
ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കുമ്പോള്‍ ഉയര്‍ന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. 2001 മേയ്ക്ക് മുമ്പു വരെ ശമ്പളം 20,000 രൂപയായിരുന്നെങ്കില്‍ അതിന്റെ ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം 8.33 ശതമാനമായ 1666 രൂപയാണ്. നേരത്തെ പഴയ പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ച 417 രൂപ കിഴിച്ച് ബാക്കി 1249 രൂപ കുടിശികയായി നല്‍കണം.
1995 ലെ ഇ.പി.എസ് റെഗുലേഷന്‍ അനുസരിച്ച് ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തിന്റെ നിയമപരമായ പരിധിക്കു മുകളില്‍ ഇ.പി.എസിലേക്ക് അടയ്ക്കാമായിരുന്നു. പക്ഷേ കൂടുതല്‍ പേരും ഇതു പ്രയോജനപ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ ഓപ്ഷന്‍ സ്വീകരിച്ചവര്‍ക്ക് ഇ.പി.എഫ്.ഒ അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പലരും കോടതിയെ സമീപിച്ചത്.