നിർദേശം എങ്ങനെ നടപ്പാക്കും? മീൻപിടിത്തക്കാർ പ്രശ്നത്തിൽ
കടലാമ നിര്‍മാര്‍ജന ഉപകരണം വലകളില്‍ ഘടിപ്പിക്കണമെന്ന് നിര്‍ദേശം
കടലാമകളെ സംരക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്ന് ചെമ്മീന്‍ വാങ്ങില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇതിന് പരിഹാരം എന്ന നിലയില്‍ കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കടലാമ നിര്‍മാര്‍ജന ഉപകരണം വലകളില്‍ ഘടിപ്പിക്കുക എന്ന നിര്‍ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
ഉപകരണം ഘടിപ്പിക്കുന്നത് ലക്ഷങ്ങളുടെ ചെലവ് സൃഷ്ടിക്കും
എന്നാല്‍ ഈ ഉപകരണം ഒരു വലയില്‍ ഘടിപ്പിക്കുന്നതിന് 25,000 രൂപയുടെ ചെലവാണ് ഉളളത്. ഒരു ബോട്ടില്‍ കുറഞ്ഞത് 15 വലകള്‍ എങ്കിലും ഉണ്ടാകും. എല്ലാ വലകളിലും ഉപകരണം ഘടിപ്പിച്ചാല്‍ ലക്ഷങ്ങളുടെ ചെലവാണ് ഉണ്ടാകുക. മാത്രമല്ല ഈ ഉപകരണം ഘടിപ്പിച്ചാല്‍ 20 ശതമാനത്തോളം മറ്റു മത്സ്യങ്ങള്‍ വലയില്‍ നിന്ന് ചാടിപ്പോകുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ മീന്‍ പിടിക്കുന്ന പ്രക്രിയ കൂടുതല്‍ ചെലവേറിയതാക്കും.
കടലാമ നിര്‍മാര്‍ജന ഉപകരണം ഘടിപ്പിച്ചാല്‍ കടലാമകള്‍ക്ക് ഉപകരണത്തിലൂടെ പുറത്തു പോകാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുളള സംഘം ഉപകരണത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉപകരണം ഘടിപ്പിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ് ആശങ്കയുണ്ടാക്കുന്നത്.
ഉപകരണം വലയില്‍ ഘടിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുളള നോഡല്‍ ഓഫീസര്‍മാരായി ഫിഷറീസ് ഉദ്യോഗസ്ഥരായിരിക്കും എത്തുക. വലകളില്‍ ഉപകരണം ഘടിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ബോട്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന ആശങ്കയും തൊഴിലാളികള്‍ പങ്കുവെക്കുന്നു. പിടിക്കുന്ന മത്സ്യത്തിന് അധികമായി വരുന്ന ചെലവുകള്‍ക്ക് അനുസരിച്ച് വില കിട്ടുമോയെന്നത് മത്സ്യ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. അമേരിക്കന്‍ നിരോധനം ചൂണ്ടിക്കാട്ടി വലിയൊരു ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്നും ബോട്ടുടമകള്‍ പറയുന്നു.
നിരോധനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ ലഭ്യത കൂടിയതോടെ ചെമ്മീന് വില കുറയുന്ന അവസ്ഥയാണ് ഇപ്പോഴുളളത്.