സെര്‍ബിയയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതിന് എതിരെ വ്യാപക വിമര്‍ശനം

Update: 2020-04-01 08:07 GMT

കൊറോണ വൈറസ് പ്രതിരോധിക്കാന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ വസ്തുക്കളുടെ കുറവ് ഇന്ത്യയില്‍ നിലനില്‍ക്കവേ 90 ടണ്‍ 'മെഡിക്കല്‍ സംരക്ഷണ ഉപകരണങ്ങള്‍'  യൂറോപ്യന്‍ രാജ്യമായ സെര്‍ബിയയിലേക്ക് കയറ്റുമതി ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്സുമാരും അവരുടെ സുരക്ഷയ്ക്ക് ആവശ്യമായ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് വീഡിയോ ടേപ്പ് സന്ദേശങ്ങള്‍ അയക്കുന്നുമുണ്ട്.

രാജ്യത്തെ അടിയന്തിര ആവശ്യകത കണക്കിലെടുത്ത് നിരവധി വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം കഴിഞ്ഞ ആഴ്ചകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ലോകമെമ്പാടുനിന്നുമുള്ള 130 ഇന്ത്യന്‍ പ്രതിനിധികള്‍ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അവശ്യ മെഡിക്കല്‍ ഇനങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതകളാണ് പ്രധാനമന്ത്രി ആരായുന്നത്.

യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) അനുസരിച്ച്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിതരണക്കാരില്‍ നിന്നാണ് 90 ടണ്‍ മെഡിക്കല്‍ സംരക്ഷണ ഉപകരണങ്ങള്‍ സെര്‍ബിയ ശേഖരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള 35 ലക്ഷം ജോഡി സര്‍ജിക്കല്‍ കയ്യുറകളും ഇതില്‍ ഉള്‍പ്പെടുന്നു.യുഎന്‍ഡിപിയുടെ സെര്‍ബിയ വിഭാഗമാണ് ഇത് കൊണ്ടുപോകാനുള്ള വിമാനം കൊച്ചിയിലേക്കയച്ചത്.

സെര്‍ബിയന്‍ സര്‍ക്കാര്‍ ഇവിടെ നിന്ന് വാങ്ങിയ ഇനങ്ങളുടെ മുഴുവന്‍ പട്ടികയും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടില്ല. കസ്റ്റംസ് പ്രസിദ്ധീകരിച്ച വിവരങ്ങളിലുള്ളത്് കൊച്ചിയില്‍ നിന്നുള്ള ലാറ്റക്‌സ് സര്‍ജിക്കല്‍ ഗ്ലൗസുകളുടെ കാര്യം മാത്രമാണ്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേയ്ക്ക് ഡച്ച് വിമാനക്കമ്പനിയായ ട്രാന്‍സേവിയ എയര്‍ലൈന്‍സിന്റെ ബോയിങ് 747 കാര്‍ഗോ വിമാനമാണ് കൊച്ചിയില്‍ നിന്ന്  ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കി.ഗ്രാം ഭാരമുള്ള കാര്‍ഗോ കൊണ്ടുപോയത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന കാര്‍ഗോ സര്‍വീസുകള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സിയാല്‍ സൗകര്യമൊരുക്കുന്നുണ്ട്.ലുലു ഗ്രൂപ്പിനായി സ്‌പൈസ് ജെറ്റിന്റെ കാര്‍ഗോ സര്‍വീസുകള്‍ അബുദാബിയിലേയ്ക്ക് പച്ചക്കറി കയറ്റുമതി നടത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News