കടലിലിറങ്ങാന്‍ ആധുനിക സൗകര്യങ്ങളുള്ള അഞ്ച് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍

ഓരോ യാനത്തിനും സംസ്ഥാന സര്‍ക്കാര്‍ 30.06 ലക്ഷം രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചിട്ടുണ്ട്

Update:2023-05-05 12:16 IST

Image:@ keralagovt/fb

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള അഞ്ച് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ കടലിലിറങ്ങും. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികള്‍ വീതം അടങ്ങുന്ന ഒരോ ഗ്രൂപ്പുകള്‍ക്കാണ് യാനം നല്‍കുന്നത്. പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനം മെച്ചപ്പെട്ട രീതിയില്‍ നടത്തുന്നതിനുമാണ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്നത്.

അധിക സൗകര്യങ്ങളോടെ

പ്രധാനമന്ത്രി മത്സ്യ സമ്പാദ പദ്ധതി (പി.എം.എം.എസ്.വൈ) പ്രകാരം ഒരു മത്സ്യബന്ധന യാനത്തിന്റെ ചെലവ് 120 ലക്ഷം രൂപയാണ്. അതില്‍ 24 ശതമാനം കേന്ദ്ര വിഹിതവും 16 ശതമാനം സംസ്ഥാന വിഹിതവും ചേര്‍ത്ത് 40 ശതമാനം സര്‍ക്കാര്‍ സബ്സിഡിയായി ലഭിക്കും. ബാക്കി 60 ശതനമാനം യാനം വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നുള്ള (ഗുണഭോക്തൃ) വിഹിതവുമാണ്.

ഒരു യാനത്തിന് ചെലവ് 120 ലക്ഷം രൂപയാണെങ്കിലും വലിയ മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങള്‍, എന്‍ജിന്‍ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് രൂപകല്‍പന ചെയ്ത ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപ വരും. കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ കീഴില്‍ മാല്‍പെ യാര്‍ഡാണ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത്തരം കൂടുതല്‍ ബോട്ടുകള്‍ ഈ വര്‍ഷം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

ഗുണഭോക്തൃ വിഹിതത്തില്‍ സാഹായം

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണഭോക്തൃ വിഹിതം വഹിക്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് മേല്‍പ്പറഞ്ഞ സബ്സിഡി കൂടാതെ ഓരോ യാനത്തിനും സംസ്ഥാന സര്‍ക്കാര്‍ 30.06 ലക്ഷം (ഗുണഭോക്തൃ വിഹിതത്തിന്റെ 30 ശതമാനം) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചിട്ടുണ്ട്. ഗുണഭോക്തൃ വിഹിതത്തിന്റെ ബാക്കി 70 ശതമാനം തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി 5 ശതമാനം പലിശ നിരക്കില്‍ വായ്പയായും അനുവദിച്ചു.

Tags:    

Similar News