സ്റ്റാലിന്റെ നയതന്ത്രം ഏറ്റു! ഇന്ത്യയിലേക്ക് റീഎന്‍ട്രിക്ക് ഫോര്‍ഡ്
ആഗോള ബ്രാന്‍ഡിന്റെ തിരിച്ചുവരവ് സ്റ്റാലിന്റെ മെയ്ക് ഇന്‍ ചെന്നൈ സ്വപ്‌നങ്ങള്‍ക്ക് വേഗം പകരും
പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വില്പനയല്ല ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ചെന്നൈ പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കാണിച്ച് ഫോര്‍ഡ് തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ആഗോള വിപണികളിലേക്കുള്ള കാര്‍ നിര്‍മാണത്തിനായി ചെന്നൈ പ്ലാന്റിനെ ഉപയോഗിക്കാനാണ് പദ്ധതി.
അടുത്തിടെ യു.എസ് സന്ദര്‍ശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ചെന്നൈയിലേക്ക് തിരിച്ചുവരണമെന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കാമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ആഗോള ബ്രാന്‍ഡിന്റെ തിരിച്ചുവരവ് സ്റ്റാലിന്റെ മെയ്ക്ക് ഇന്‍ ചെന്നൈ സ്വപ്‌നങ്ങള്‍ക്ക് വേഗം പകരും.
വരവ് 95ല്‍, പോക്ക് 2021ല്‍
ഇന്ത്യന്‍ വിപണിയിലേക്ക് ഫോര്‍ഡ് എത്തുന്നത് 1995ലാണ്. തമിഴ്നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്. തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടു പോയെങ്കിലും പിന്നീട് ഫാക്ടറികള്‍ നഷ്ടത്തിലായി. ഇതോടെ 2021ലാണ് ഇന്ത്യ വിടുന്നതായി കമ്പനി അറിയിച്ചത്. 2022ല്‍ ഫാക്ടറികള്‍ പൂട്ടുകയും ചെയ്തു.
ഈ പ്ലാന്റുകളില്‍ നിന്ന് പ്രതിവര്‍ഷം നാലുലക്ഷം കാറുകള്‍ വരെ പുറത്തിറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും 80,000 കാറുകള്‍ക്കു മുകളില്‍ നിര്‍മിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. അവസാന കാലത്ത് കുറഞ്ഞ ഉത്പാദനം മാത്രമായിരുന്നു ഈ പ്ലാന്റുകളില്‍ ഉണ്ടായിരുന്നത്.
ഗുജറാത്തിലെ ഫാക്ടറി ടാറ്റാ മോട്ടോഴ്‌സിന് വിറ്റിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ ഫാക്ടറി ഇപ്പോഴും ഫോര്‍ഡിന്റെ ഉടമസ്ഥതയിലാണ്. ഇടയ്ക്ക് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ഈ പ്ലാന്റ് സ്വന്തമാക്കാന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് കച്ചവടം നടന്നില്ല.
തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ ഫോര്‍ഡ് വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫാക്ടറി തുറന്നാല്‍ 3,000-ത്തിലേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
ഇന്ത്യന്‍ ഇ.വി കാര്‍ നിര്‍മാണം വളരുന്ന ഘട്ടത്തില്‍ ഫോര്‍ഡിന്റെ തിരിച്ചുവരവ് വലിയ നേട്ടമാകും. വിപണിയില്‍ മല്‍സരം കടുക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇടയാക്കും.