ചൈനയുടെ അപ്രതീക്ഷിത നീക്കത്തില്‍ സ്വര്‍ണവില കൂപ്പുകുത്തി; വെള്ളിയിലും കുറവ്
ചൈനയുടെ സ്വര്‍ണ വാങ്ങലിലുണ്ടായ കുറവാണ് കേരളത്തിലടക്കം വിലയില്‍ പെട്ടെന്ന് താഴ്ചയ്ക്ക് കാരണം;
ചൈന സ്വര്‍ണശേഖരം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തിവയ്ക്കാന്‍ അപ്രതീക്ഷിതമായി തീരുമാനിച്ചതിന്റെയും അമേരിക്കയില്‍ തൊഴില്‍നിരക്ക് കൂടിയതിന്റെയും ചുവടുപിടിച്ച് കേരളത്തിലും വിലയില്‍ കുറവ്. കുറച്ചുദിവസങ്ങളായി കൂടിയും കുറഞ്ഞും പൊയ്‌ക്കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് (ശനി) ഗ്രാമിന് 190 രൂപ കുറഞ്ഞ് 6,570 രൂപയിലെത്തി. പവന് കേരളത്തിലെ വില 52,560 രൂപയാണ്. 2020 ഓഗസ്റ്റ് 12ന ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. അന്ന് 1,600 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്.
വെള്ളിയാഴ്ചത്തെ നിരക്കില്‍ നിന്ന് 1,520 രൂപയാണ് പവന് കുറഞ്ഞത്. ലൈറ്റ് വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് 150 രൂപ കുറഞ്ഞ് ഗ്രാമിന് 5,470 രൂപയായി.
കഴിഞ്ഞ മാസം റെക്കോഡ് രീതിയിലായിരുന്നു സ്വര്‍ണത്തിന്റെ കുതിപ്പ്. മെയ് 20ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,120 രൂപ വരെ എത്തിയിരുന്നു. ജുവലറികളുടെ പണിക്കൂലിയും മറ്റും കൂട്ടുമ്പോള്‍ ഇതിലും കൂടുതല്‍ വില കൊടുക്കേണ്ടി വന്നിരുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള കുറവ് വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായിട്ടുണ്ട്.
വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് മൂന്നുരൂപ കുറഞ്ഞ് 96 രൂപയാണ് വെള്ളിയുടെ ഇന്നത്തെ വില. ആഗോള തലത്തില്‍ വൈദ്യുത വാഹനങ്ങള്‍, സോളാര്‍ പാനലുകള്‍ എന്നിവയില്‍ വെള്ളി ഉപയോഗിക്കുന്നത് കൂടിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരുന്ന പ്രവണത കാണിച്ചിരുന്നു.
ചൈന വാങ്ങല്‍ നിര്‍ത്തി
ചൈനയുടെ സ്വര്‍ണ വാങ്ങലിലുണ്ടായ കുറവാണ് കേരളത്തിലടക്കം വിലയില്‍ പെട്ടെന്ന് താഴ്ചയ്ക്ക് കാരണം. 18 മാസത്തെ ഇടവേളയ്ക്കുശേഷമാണ് കൂടുതല്‍ സ്വര്‍ണശേഖരം വാങ്ങുന്നത് അവര്‍ നിര്‍ത്തിവച്ചത്. മേയില്‍ ചൈന സ്വര്‍ണം വാങ്ങിയില്ലെന്ന കണക്കുകള്‍ പുറത്തു വന്നതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാന്‍ കാരണം. ഇതോടെ അന്താരാഷ്ട്ര സ്വര്‍ണവിലയും ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,294 ഡോളറാണ് സ്വര്‍ണത്തിന്റെ വില.
വ്യാഴാഴ്ച 2,375.61 ഡോളര്‍ വരെ എത്തിയശേഷമാണ് വെള്ളിയാഴ്ച 80 ഡോളറോളം കുറഞ്ഞത്. ശനിയാഴ്ചയായതിനാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വ്യാപാരമില്ല. അന്താരാഷ്ട്ര വിലയെ ചൈനയുടെ തീരുമാനത്തിനൊപ്പം ക്രൂഡ് ഓയില്‍ വിലയിലെ കുറവും സ്വാധീനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എസ് തൊഴില്‍ ഡേറ്റ പ്രതീക്ഷിച്ചതിലും ശക്തമായ നിലയിലാണ്. ഇത് പലിശനിരക്ക് കുറയ്ക്കാനുള്ള ആവശ്യകത കുറച്ചിട്ടുണ്ട്. സാധാരണ പലിശനിരക്ക് കുറയുമ്പോഴാണ് സ്വര്‍ണവില ഉയരുന്നത്.
ഇന്നൊരു പവന്‍ വാങ്ങാന്‍ ഇത്ര രൂപയാകും
സ്വര്‍ണാഭരണം വാങ്ങാന്‍ തീരുമാനിക്കുന്നവരെ സംബന്ധിച്ച് ഇന്നത്തെ വിലക്കുറവ് സന്തോഷിപ്പിക്കുന്നതാണ്. ഇന്നത്തെ പവന്‍ വില 52,560 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഇതിനൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ഉള്‍പ്പെടെ 56,900 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കൊടുക്കേണ്ടിവരും.