ടോള്‍ പ്ലാസയില്‍ ഇനി വണ്ടി നിറുത്തേണ്ട, ഹൈടെക് സംവിധാനം ഉടനെന്ന് ഗഡ്കരി
ഫാസ്ടാഗ് വന്നെങ്കിലും ടോള്‍ പ്ലാസകളില്‍ ഇപ്പോഴും തിരക്ക് പതിവാണ്
രാജ്യത്തെ ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടന്ന് ഇനി ട്രാഫിക് ജാം ഉണ്ടാകില്ലെന്ന് കേന്ദ്രം. നിലവിലുള്ള ഹൈവേ ടോള്‍ പ്ലാസകള്‍ക്ക് പകരമായി അടുത്ത വര്‍ഷം മാര്‍ച്ചോടെ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
വാഹനങ്ങള്‍ നിര്‍ത്താതെ ഓട്ടോമേറ്റഡ് ടോള്‍ പിരിവ് സാധ്യമാക്കുന്നതിനുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനത്തിന്റെ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍) പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.
2018-19 കാലയളവില്‍ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു. ഫാസ്ടാഗുകള്‍ അവതരിപ്പിച്ചതോടെ 2020 മുതല്‍ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കന്‍ഡായി കുറഞ്ഞു. എന്നാല്‍ തിരക്കുള്ള സമയങ്ങളില്‍ ടോള്‍ പ്ലാസകളില്‍ ഇപ്പോഴും കാലതാമസം ഉണ്ട്. കാത്തിരിപ്പ് സമയം കൂടുതലാണ്.
ജി.പി.എസ് ടോള്‍ പിരിവ് എങ്ങനെ
ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എല്ലാ വാഹനങ്ങള്‍ക്കും ജി.പി.എസ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ജി.പി.എസ് കണക്റ്റിവിറ്റിയും മൂന്നാം തലമുറ മൈക്രോ കണ്‍ട്രോളര്‍ ഉപകരണങ്ങളിലൂടെയും ആയിരിക്കും ഇത് പ്രവര്‍ത്തികുക. ഓടുന്ന വാഹനങ്ങളുടെ ജി.പി.എസ് സര്‍ക്കാരിന് നിരന്തരം ട്രാക്ക് ചെയ്യാന്‍ കഴിയും. അതിനാല്‍, യാത്ര ചെയ്യുന്ന വാഹനങ്ങളുടെ റൂട്ടും അവര്‍ ഏത് ടോള്‍ റോഡുകളാണ് എടുക്കുന്നതെന്നും അറിയാനാകുന്നു. എത്ര ടോള്‍ ഗേറ്റുകളിലൂടെയാണ് അവര്‍ കടന്നുപോകുന്നത് എന്ന് പരിശോധിച്ച് മൊത്തം ടോള്‍ ടാക്‌സ് കണക്കാക്കാം.
ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍
ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) മാതൃകയില്‍ 1,000 കിലോമീറ്ററില്‍ താഴെ നീളമുള്ള ഹൈവേ പദ്ധതികള്‍ക്കായി 1.5-2 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ സര്‍ക്കാര്‍ ലേലം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2024 ഏപ്രില്‍-മേയോടെ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇത് നടപ്പാക്കും.