തക്കാളിയും കിഴങ്ങും ചിക്കനും ചതിച്ചു; വീട്ടു ഭക്ഷണത്തിന് ചിലവ് കൂടിയത് 15 ശതമാനം

വിലക്കയറ്റത്തില്‍ കോഴിയിറച്ചിയേക്കാള്‍ മുന്നില്‍ പച്ചക്കറികള്‍

Update:2025-01-06 21:11 IST

Image: Canva

തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും ചിക്കന്റെയും വില കൂടിയപ്പോള്‍ ഇന്ത്യക്കാരുടെ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കാന്‍ ചിലവുകള്‍ കൂടിയത് 15 ശതമാനം. പച്ചക്കറികളുടെയും കോഴിയിറച്ചിയുടെയും വിലകളെ അടിസ്ഥാനമാക്കി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലക്കയറ്റം അടുക്കളകളെ സമ്മര്‍ദ്ദത്തിലാക്കുന്ന കണക്കുകള്‍. 2023 നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ തക്കാളിയുടെ വിലയില്‍ 24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഉരുളക്കിഴങ്ങിന്റെ വില 50 ശതമാനവും വര്‍ധിച്ചു. ഇറക്കുമതി ഡ്യൂട്ടി വര്‍ധിപ്പിച്ചതോടെ ഭക്ഷ്യ എണ്ണയുടെ വിലയില്‍ 16 ശതമാനവും വര്‍ധനയുണ്ടായി. അതേസമയം നവംബറിലെ വിലകളെ അപേക്ഷിച്ച്  പച്ചക്കറികള്‍ക്ക് ഡിസംബറില്‍ 12 ശതമാനം വരെ കുറവുണ്ടായി. പാചക വാതകത്തിന്റെ വിലയില്‍ 11 ശതമാനത്തിന്റെ കുറവുണ്ടായതാണ് ഡിസംബറില്‍ വീട്ടുഭക്ഷണത്തിന്റെ ചിലവുകളെ കുറച്ചെങ്കിലും പിടിച്ചു നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പറന്നു പൊങ്ങിയ ചിക്കന്‍ വില

കോഴിയിറച്ചിയുടെ വിലയിലുണ്ടായ വര്‍ധന ഡിസംബറില്‍ നോണ്‍ വെജുകാരെ പ്രതിസന്ധിയിലാക്കി. 11 ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ വിലവര്‍ധന. തണുപ്പിനെ തുടര്‍ന്ന് ഉല്‍പാദനത്തിലുണ്ടായ കുറവ്, കോഴിതീറ്റയുടെ വിലവര്‍ധന, ഡിമാന്റ് വര്‍ധന എന്നിവ വിലക്കയറ്റത്തിന് കാരണമായി. അതേസമയം, പച്ചക്കറികളുടെ വിലവര്‍ധനയെ അപേക്ഷിച്ച് ഇറച്ചികളുടെ വിലക്കയറ്റം താരതമ്യേന കുറവായിരുന്നു. വെജിറ്റേറിയന്‍ താലിയുടെ നിര്‍മാണ ചിലവ് 6 ശതമാനവും നോണ്‍വെജ് താലിയുടെ ചിലവ് 3 ശതമാനവും വര്‍ധിച്ചു. സവാള വിലയില്‍ 12 ശതമാനത്തിന്റെ കുറവ് ഡിസംബറിലുണ്ടായി. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാള പൊതുവിപണികളില്‍ എത്തിയതാണ് വില കുറയാന്‍ കാരണമായത്.

Tags:    

Similar News