പ്രവാസികളെ നിങ്ങള്‍ക്ക് ആധാര്‍ വേണോ, അപേക്ഷിക്കാം ഇങ്ങനെ
90 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിൽ കാര്‍ഡ് ലഭ്യമാകും
യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യന്‍ പൗരന്‍ (എന്‍.ആര്‍.ഐ) തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആവശ്യമായ രേഖകള്‍ വച്ച് ആധാര്‍ വേഗത്തില്‍ നേടാനാകും. ബയോമെട്രിക് ഡേറ്റയുമായി ലിങ്ക് ചെയ്തിരിക്കുന്ന ആധാര്‍ ഇന്ത്യന്‍ പൗരന്റെ പേര്, വയസ്, വിലാസം എന്നിവ തെളിയിക്കാന്‍ കഴിയുന്ന 12 അക്ക നമ്പറാണ്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് സാധാരണയായി ആധാറിന്റെ ആവശ്യം അധികം വരാറില്ലെങ്കിലും അവര്‍ ഇന്ത്യയിലേക്ക് മടങ്ങാനോ ദീര്‍ഘകാലത്തേക്ക് ഇന്ത്യയില്‍ തുടരാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും വസ്തുവകകളുടെ ഇടപാടുകള്‍ക്കും മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ക്കുമെല്ലാം ആധാര്‍ അത്യാവശ്യമായി വരും.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (യു.ഐ.ഡി.എ.ഐ) പ്രവാസികള്‍ക്കായി 'ആധാര്‍ ഓണ്‍ അറൈവല്‍' എന്ന വ്യവസ്ഥയുണ്ട്. ഒരു പ്രവാസിക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അപ്പോയിന്റ്‌മെന്റ് എടുക്കാമെങ്കിലും, ബയോമെട്രിക് ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ ഇന്ത്യയില്‍ ഹാജരാകേണ്ടതുണ്ട്.
ആധാര്‍ കാര്‍ഡുകളുടെ ഫോമുകള്‍
വിവിധ പ്രായക്കാര്‍ക്കായി വ്യത്യസ്തമായ ആധാര്‍ കാര്‍ഡ് ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്. 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കായി ഒരു ഫോമുണ്ട്. ഇന്ത്യക്ക് പുറത്തുള്ള വിലാസത്തില്‍ എൻറോൾ ചെയ്യുന്നതോ അല്ലെങ്കില്‍ പുതുക്കുന്നേതാ ആയ പ്രവാസികള്‍ക്കായി മറ്റൊരു ഫോമും. ഇനി 5 മുതല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ അവര്‍ ഇന്ത്യയില്‍ താമസിക്കുന്നതോ അല്ലെങ്കില്‍ ഇന്ത്യന്‍ വിലാസം തെളിവായി നല്‍കാനാകുന്ന പ്രവാസിയോ ആണെങ്കില്‍ ഇവര്‍ക്കായും പ്രത്യോക ഫോമുണ്ട്. ഇന്ത്യന്‍ വിലാസം തെളിവായി ഇല്ലാതെ 5 മുതല്‍ 18 വയസ്സിന് താഴെയുള്ള പ്രവാസിക്കുട്ടികള്‍ക്കായും വേറെ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.
അപേക്ഷിക്കാം ഇങ്ങനെ
ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ആധാര്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.ഓഫ്‌ലൈനായി ചെയ്യണമെങ്കില്‍ ഒരു ആധാര്‍ കേന്ദ്രം സന്ദര്‍ശിച്ച് ബയോമെട്രിക് അപ്പോയിന്റ്‌മെന്റ് എടുക്കാം. ഓണ്‍ലൈനായി ചെയ്യണമെങ്കില്‍ യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ലൊക്കേഷന്‍ തിരഞ്ഞെടുക്കണം. ഇനി ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നല്‍കുകയും ഒരു അപ്പോയിന്റ്‌മെന്റ് സ്ലോട്ട് ബുക്ക് ചെയ്യുകയും വേണം. ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കുമ്പോള്‍ ആവശ്യമായ എല്ലാ രേഖകളും നിങ്ങള്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.
പ്രവാസികള്‍ക്ക് ആവശ്യമായ രേഖകള്‍
തിരച്ചറിയലിന്റെയും വിലാസത്തിന്റെയും തെളിവായി സാധുവായ ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട്, സാധുവായ ഒരു ഇന്ത്യന്‍ വിലാസത്തിന്റെ തെളിവ് ഇല്ലെങ്കില്‍ യു.ഐ.ഡി.എ.ഐ അഡ്രസ് പ്രൂഫ് രേഖയായി അംഗീകരിച്ച പാന്‍, യൂട്ടിലിറ്റി ബില്ലുകള്‍ പോലെ ഏതെങ്കിലും രേഖ, വിദേശരാജ്യത്തെ വിലാസത്തിന്റെ തെളിവിലേക്കായി താമസിക്കുന്ന വിദേശരാജ്യത്തിന്റെ സ്റ്റാമ്പ് ചെയ്ത വീസയുടെ ഫോട്ടോകോപ്പി പോലെ ഏതെങ്കിലും രേഖ, 2023 ഒക്ടോബര്‍ 1നോ അതിനു ശേഷമോ ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമര്‍പ്പിക്കണം. പ്രവാസികളായ കുട്ടികള്‍ക്ക് സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമാണ് അംഗീകൃത ഐഡന്റിറ്റിയും (POI) വിലാസത്തിന്റെ തെളിവും (POA).
ബയോമെട്രിക് ഡേറ്റ ശേഖരണം
ബയോമെട്രിക് വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ യു.ഐ.ഡി.എ.ഐ എൻറോൾമെന്റ് സെന്റര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. പത്ത് വിരലുകളുടെയും രണ്ട് കണ്ണുകളുടെയും ഐറിസിന്റെ സ്‌കാനിംഗ് ഇതിനായി എടുക്കും. ഒപ്പം ഒരു ഫോട്ടോയും. 90 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിൽ കാര്‍ഡ് ലഭ്യമാകും.