ഞാന്‍ അറിയാതെ എന്റെ പേരില്‍ ലോണെടുക്കാമെന്നോ...!പാന്‍കാര്‍ഡ് തട്ടിപ്പുകളെ തടയാനുള്ള മാര്‍ഗങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ ജനന തീയതി പരസ്യമാക്കുന്നത് പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം
ട്രെന്‍ഡിംഗ് ആയിട്ട് കുറച്ചധികം ആയെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുകയാണ്. പാവപ്പെട്ടവനെന്നോ പ്രമുഖരെന്നോ ഇല്ല, സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും ഇത്തരം തട്ടിപ്പുകളുടെ ഇരയാവുകയാണ്. അതിന് ഉദാഹരണമാണ് ബോളിവുഡ് താരം രാജ്കുമാര്‍ റാവുവിന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പയെടുത്ത സംഭവം. തന്റെ പാന്‍കാര്‍ഡ് ഉപയോഗിച്ച് ആരോ 2,500 രൂപയുടെ വായ്പ എടുത്തെന്നും അത് സിബില്‍ സ്‌കോറിനെ ബാധിച്ചെന്നുമായിരുന്നു രാജ്കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
#FraudAlert My pan card has been misused and a small loan of Rs.2500 has been taken on my name. Due to which my cibil score has been affected. @CIBIL_Official please rectify the same and do take precautionary steps against this.
— Rajkummar Rao (@RajkummarRao) April 2, 2022
നേരത്തെ ബോളിവുഡ് നടി സണ്ണി ലിയോണും സമാനമായ തട്ടിപ്പിനിരയായിരുന്നു. പാന്‍കാര്‍ഡ്, വ്യാജ എസ്എംസ്, ഫോണ്‍ കോളുകള്‍ തുടങ്ങി ബാങ്കുകളുടെ വ്യാജ ആപ്പുകള്‍ വരെ ഉണ്ടാക്കിയാണ് ഓരോ തട്ടിപ്പ് സംഘവും ഇരകള്‍ക്കായി കാത്തിരിക്കുന്നത്. മാര്‍ച്ച് 30ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത 23 പേർ അടങ്ങുന്ന സംഘം എസ്ബിഐ യോനോ ആപ്പിന്റെ വ്യാജപതിപ്പ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പുകള്‍ എങ്ങനെ തടയാം
ഇന്റര്‍നെറ്റ് ഇടങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ കൈമാറുമ്പോള്‍ സൂക്ഷിക്കണമെന്നാണ് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (collection & recovery) ബാബു കെ.എ പറയുന്നത്. ജനന തീയതി കൊടുക്കുന്നത് പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിവരങ്ങള്‍ നോക്കിയിരിക്കുന്നവര്‍ ഉണ്ട്.
ഏതൊരു ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അധാര്‍, പാന്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെണ് ബാബു കെ.എ ചൂണ്ടിക്കാണിക്കുന്നു. ഇവ ലഭിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് വിവരങ്ങള്‍, വരുമാനം, ആസ്തി, ജോലി തുടങ്ങിയ എല്ലാക്കാര്യങ്ങളും ലഭിക്കും. ചെറു വായ്പകള്‍ക്കും മറ്റുമായി ഫിന്‍ടെക്ക് സ്ഥാപനങ്ങളെ സമീപിക്കുമ്പോഴും ശ്രദ്ധിക്കണം.
- ഏതെങ്കിലും ഐഡി കാര്‍ഡ് മതി എന്നാണെങ്കില്‍ ഇലക്ഷന്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ നല്‍കുക
- ആധാര്‍ നിര്‍ബന്ധമാണെങ്കില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന താല്‍ക്കാലിക വിര്‍ച്വല്‍ ഐഡി (ആധാറിന്റേത് തന്നെ) ഉപയോഗിക്കാം.
തട്ടിപ്പുകള്‍ക്ക് ഇരയായി എന്ന് പലരും തിരിച്ചറിയുക, വായ്പ ആവശ്യങ്ങള്‍െക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ ആയിരിക്കും. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക എന്നതാണ് സ്വന്തം പാന്‍കാര്‍ഡോ മറ്റ് രേഖകളോ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാനുള്ള മാര്‍ഗം. എല്ലാ ദിവസവും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക പ്രായോഗികമല്ല. സൗജന്യമായി ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കുന്ന ഫിന്‍ടെക്കുകള്‍ ഉണ്ടെങ്കിലും അവരുടെ ലക്ഷ്യവും നിങ്ങളുടെ ഡാറ്റ തന്നെ ആയിരിക്കാം.
സൗജന്യമായി വിവരങ്ങല്‍ നല്‍കുന്നതിന് പുറമെ സിബില്‍ ഉള്‍പ്പടെയുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ സബ്‌സ്‌ക്രിക്ഷന്‍ പ്ലാനിലൂടെ എപ്പോള്‍ വേണമെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ അറിയാനുള്ള അവസരം ഉണ്ട്. ഇനി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ പൊലീസില്‍ പരാതി നല്‍കാനും ബാങ്കുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം നഷ്ടമാവുന്നത് തടയാനും ആവും. ഇത്തരം തട്ടിപ്പുകള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കാതിരിക്കുന്ന എന്നതാണ് പ്രധാനം. പാന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങള്‍ കൈമാറേണ്ട സാഹചര്യത്തില്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.