ദാനശീലരില്‍ മുന്നില്‍ ശിവ് നാടാര്‍; അംബാനിയും അദാനിയുമൊക്കെ പിന്നിലാണ്

യുവാക്കളില്‍ ഒന്നാമത് സെരോദ സ്ഥാപകന്‍ നിഖില്‍ കമ്മത്ത്

Update:2024-11-07 20:47 IST

ഇന്ത്യയിലെ വ്യവസായികളില്‍ ഏറ്റവും ദാനശീലന്‍ ആരാണ്? അദാനിയും അംബാനിയുമാണെന്ന് കരുതിയാല്‍ തെറ്റി. ഹുറുണ്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റ് പ്രകാരം എച്ച്.സി.എല്‍ ടെകിന്റെ ഉടമ ശിവ് നാടാര്‍ ആണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം പണം ചിലവിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ഉടമയിലുള്ള ശിവ് നാടാര്‍ ഫൗണ്ടേഷന്‍ 2,153 കോടി രൂപയാണ് വിവിധ സാമൂഹ്യസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. പ്രതിദിനം ശരാശരി 5.9 കോടി എന്ന കണക്കിലാണ് സംഭാവനകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഹുറൂണ്‍ ലിസ്റ്റില്‍ മൂന്നാം തവണയാണ് ശിവ് നാടാര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഫൗണ്ടേഷന്‍

റിലയന്‍സ് ഇന്റസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് ഫൗണ്ടേഷനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 407 കോടി രൂപയാണ് അംബാനിയുടെ കമ്പനി നല്‍കിയത്. മൂന്നാം സ്ഥാനത്തുള്ള ബജാജ് ഗ്രൂപ്പ് ട്രസ്റ്റ് 352 കോടിയാണ് ചിലവിട്ടത്. കുമാരമംഗലം ബിര്‍ള (334 കോടി), ഗൗതം അദാനി (330 കോടി), നന്ദന്‍ നിലേക്കനി (307 കോടി), ആശ ഫൗണ്ടേഷന്റെ കൃഷ്ണ ചിവുക്കുള (228 കോടി), അനില്‍ അഗര്‍വാള്‍ ഫൗണ്ടേഷന്‍ (181 കോടി), മിന്‍ഡ്ട്രീ ഉടമകളായ സുസ്മിത-സുബ്രതോ ബഗ്ചി കുടുംബം (179 കോടി), റോഹിണി നിലേക്കനി (154 കോടി) എന്നിവരാണ് ഹുറൂണ്‍ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.

ആദ്യസ്ഥാനങ്ങളിലുള്ള പത്ത് കമ്പനികള്‍ ചേര്‍ന്ന് 4,625 കോടി രൂപയാണ് സാമൂഹ്യ സേവനത്തിനായി നല്‍കിയത്. ഈ രംഗത്തെ മൊത്തം സംഭാവനയുടെ 53 ശതമാനവും ഇവരുടേതാണ്.

യുവാക്കളില്‍ നിഖില്‍ കമ്മത്ത്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കുന്ന യുവ വ്യവസായികളില്‍ ഒന്നാം സ്ഥാനത്ത് സെരോദ സഹസ്ഥാപകനായ നിഖില്‍ കമ്മത്താണ്. 38 കാരനായ നിഖിലിന്റെ കമ്പനിക്ക് കീഴിലുള്ള റെയിന്‍മാറ്റര്‍ ഫൗണ്ടേഷന്‍ 120 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ചെലവിട്ടത്. മുംബൈ നഗരത്തിലെ വ്യവസായികളാണ് സാമൂഹ്യ സേവനത്തിനായി കൂടുതല്‍ പണം നല്‍കുന്നതെന്ന് ഹുറുണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 31 ശതമാനം പേര്‍ മുംബൈയില്‍ നിന്നാണ്. ഡല്‍ഹിയില്‍ നിന്നുള്ളത് 19 ശതമാനവും ബംഗളൂരുവില്‍ നിന്ന് 9 ശതമാനവുമാണ്.

Tags:    

Similar News