ധനം എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ 2024 (മിഡില്‍ ലെയര്‍) അവാര്‍ഡ് ഇന്‍ഡെല്‍ മണിക്ക്
ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ ഇന്‍ഡല്‍ മണി ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
ധനം എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ 2024 (മിഡില്‍ ലെയര്‍) അവാര്‍ഡ് ഇന്‍ഡെല്‍ മണി സ്വന്തമാക്കി. മിഡില്‍ ലെയര്‍ എന്‍ബിഎഫ്സികളില്‍ നിര്‍ണായക സാന്നിധ്യമാണ് ഇന്‍ഡെല്‍ മണിക്കുള്ളത്. സാമ്പത്തിക വളര്‍ച്ച, ആസ്തി ഗുണമേന്മ, മൂലധന പര്യാപ്തത, ലാഭക്ഷമത എന്നിവയാണ് ജൂറി വിശകലനം ചെയ്തത്. കേരളത്തിലെ സാന്നിധ്യവും അവാര്‍ഡിന് പരിഗണിച്ച കാര്യമായിരുന്നു. ഇന്‍ഡല്‍ മണി ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. റിസര്‍വ് ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറുമായ എസ് ഗണേഷ് കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രധാനമായും സ്വര്‍ണവായ്പാ രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വ്യാപാരികള്‍ക്കുള്ള വായ്പകള്‍, ബിസിനസ് ലോണ്‍, വാഹന വായ്പ, മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ രംഗങ്ങളിലും ഇന്‍ഡെല്‍ മണി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാനമായും രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡെല്‍ മണിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 320 ശാഖകളുണ്ട്. 2024 സാമ്പത്തിക വര്‍ഷാവസാനത്തില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 40 ശതമാനം വര്‍ധിച്ച് 906 കോടിയായി. അതേ സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനം 55 ശതമാനം വര്‍ധിച്ച് 291 കോടി രൂപയിലെത്തി. ലാഭം ഏകദേശം ഇരട്ടിയായി. അതിവേഗ വളര്‍ച്ചാ പാതയിലൂടെ മുന്നേറുമ്പോഴും ഇന്‍ഡെല്‍ മണി ആസ്തി ഗുണമേന്മയ്ക്ക് മികച്ച ഊന്നലാണ് നല്‍കുന്നതെന്ന് ജൂറി നിരീക്ഷിച്ചു.