ചെറുകിട വ്യവസായികള്‍ക്ക് അവസരങ്ങളുടെ ലോകം തുറന്ന് ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോക്ക് തുടക്കം
ഡിസംബര്‍ 15 വരെ കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സ്ബിഷന്‍ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്
കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ)നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌പോക്ക് കൊച്ചി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കം. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 14) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും സംബന്ധിക്കും. കെ.എസ്.എസ്.ഐ.എ, മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള വ്യവസായ വകുപ്പ്, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, എം.എസ്.എം.ഇ. മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വ്യവസായി മേള ഡിസംബര്‍ 15 വരെയാണ്.
സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും വ്യവസായ രംഗത്തെ പുത്തന്‍ പ്രവണതകള്‍ മനസിലാക്കാനുമുള്ള അവസരമാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള മുന്നൂറോളം പ്രമുഖരായ മെഷിനറി നിര്‍മ്മാതാക്കളുടെ വിവിധ വ്യാവസായിക യന്ത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫുഡ് പ്രോസസിംഗ്, പാക്കിംഗ്, സോളാര്‍, ഇലക്ട്രോണിക്, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മാണം, ആരോഗ്യം തുടങ്ങിയ നിരവധി വ്യവസായ മേഖലകളില്‍ ഉപയോഗപ്രദമായ നിര്‍മാണ സാമഗ്രികളും ഉത്പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍ പാക്ക് ചെയ്യുന്ന യന്ത്രങ്ങള്‍ മുതല്‍ ഭക്ഷണം വിളമ്പുന്ന റോബോട്ട് വരെ സന്ദര്‍ശകരെ അമ്പരപ്പിക്കാന്‍ ഇവിടെ റെഡിയാണ്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, പ്രസന്റേഷനുകള്‍, പുതിയ ഉത്പന്നങ്ങളുടെ ഉദ്ഘാടനം, സംവാദങ്ങള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
പ്രവേശനം സൗജന്യം
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പ്രവേശനം. സന്ദര്‍ശകരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ചൈനയില്‍ നടക്കുന്ന കാന്റോന്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനുള്ള വിമാന യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും മേള സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്. കൊച്ചി കളമശ്ശേരി മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നും എക്‌സിബിഷന്‍ സെന്ററിലേക്ക് മൂന്നു ദിവസങ്ങളിലും വാഹന സൗകര്യം ഉണ്ടായിരിക്കും.