1,000 കിലോമീറ്റര്‍ പറന്നെത്തി ശത്രുവിനെ നശിപ്പിക്കാൻ ഇന്ത്യൻ നിർമിത 'ആത്മഹത്യ ഡ്രോണ്‍'
രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്താണ് കാമുകാസി മിഷനുകള്‍ പ്രശസ്തമാകുന്നത്
രാജ്യത്തിന്റെ 78ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസ് (എന്‍.എ.എല്‍) തദ്ദേശീയമായി നിര്‍മിച്ച കമുകാസി ഡ്രോണുകള്‍ (kamikaze drone) പുറത്തിറക്കി. 1,000 കിലോമീറ്ററോളം അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് പറന്നെത്തി ശത്രുവിനെ നശിപ്പിക്കാന്‍ കഴിയുമെന്നതാണ് ഡ്രോണിന്റെ പ്രത്യേകത.
എന്താണ് കമുകാസി ഡ്രോണുകള്‍
സ്‌ഫോടക വസ്തുക്കള്‍ വഹിക്കാനും അവയുമായി കൃത്യമായി ശത്രു കേന്ദ്രത്തിലേക്ക് ഇടിച്ചിറങ്ങാനും കഴിവുള്ള പ്രത്യേകതരം ഡ്രോണുകളാണിവ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിദൂര നിയന്ത്രിത സംവിധാനം വഴി നിയന്ത്രിക്കാന്‍ കഴിയുന്ന ഗൈഡഡ് മിസൈലിന് തുല്യമാണെന്ന് സാരം. ആത്മഹത്യ ഡ്രോണ്‍ (suicide drones) എന്നും അറിയപ്പെടാറുണ്ട്.
റഷ്യ-യുക്രെയിന്‍ യുദ്ധത്തിലും ഗാസ യുദ്ധത്തിലും വ്യാപകമായി ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ട്. റഷ്യന്‍ കവചിത വാഹനങ്ങളെ ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രെയിന്‍ സൈന്യം ചെറുക്കുന്നത്. ശത്രുവിന്റെ റഡാറുകളെ കബളിപ്പിക്കാനായി കൂട്ടത്തോടെ ഇവയെ വിക്ഷേപിക്കാന്‍ പറ്റും.
രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്താണ് കാമുകാസി മിഷനുകള്‍ പ്രശസ്തമാകുന്നത്. യുദ്ധത്തിനിടെ ജാപ്പനീസ് പൈലറ്റുമാര്‍ ശത്രുവിന്റെ കപ്പലുകളിലേക്കും മറ്റും യുദ്ധവിമാനമിടിച്ചിറക്കി കനത്ത നാശമുണ്ടാക്കുന്ന പതിവുണ്ടായിരുന്നു. പൈലറ്റുമാരും വിമാനത്തിനൊപ്പം കത്തിനശിക്കും. എന്നാല്‍ ആധുനിക കാലത്ത് പൈലറ്റില്ലാ വിദൂര നിയന്ത്രിത ഡ്രോണുകളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.
അത്യാധുനിക ആയുധം
ഇന്ത്യ നിര്‍മിച്ച കാമുകാസി ഡ്രോണുകള്‍ക്ക് 120 കിലോഗ്രാമാണ് ഭാരം. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന വാന്‍കല്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 25 കിലോഗ്രാം പേ ലോഡ് വഹിക്കാനും ശേഷിയുണ്ട്. ജി.പി.എസ് ഇല്ലാത്ത പ്രദേശങ്ങളിലും ഇവയെ കൃത്യതയോടെ നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സ്വന്തം നാവിക് (NAViC) സിസ്റ്റവുമായി ചേര്‍ന്ന് ജി.പി.എസ് സിഗ്നലുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലുമെത്തി ശത്രുവിന് പണി കൊടുക്കാന്‍ ഡ്രോണുകള്‍ക്ക് സാധിക്കും.
21ാം നൂറ്റാണ്ടിലെ ആധുനിക യുദ്ധമുഖത്ത് ശത്രുവിനെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ സഹായിക്കുന്നവയാണ് കാമുകാസി ഡ്രോണുകളെന്ന് നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസ് ഡയറക്ടര്‍ ഡോ.അഭയ് പശീല്‍ക്കര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഒമ്പത് മണിക്കൂര്‍ വരെ ആകാശത്ത് തുടര്‍ച്ചയായി പറക്കാന്‍ ഇവയ്ക്ക് കഴിയും. ശത്രുവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുവാനും നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ ആക്രമിക്കാനും ഇവയ്ക്ക് കഴിയും.