മുന്നറിയിപ്പുകൾ അവഗണിച്ചു , 'കെണി' യിൽ പെട്ട് ഇന്ത്യ: അമേരിക്കയുടെ കാൽഭാഗം നേടാൻ 75 വർഷമെങ്കിലും വേണം: ലോക ബാങ്ക് റിപ്പോർട്ട്
സാമ്പത്തിക വിദഗ്ധർ ഏറെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നതാണ്
നിലവിലെ സാമ്പത്തിക വളർച്ചാനിരക്ക് തുടർന്നാൽ അമേരിക്കയിലെ പ്രതിശീർഷ വരുമാനത്തിന്റെ കാൽ ഭാഗമെങ്കിലും നേടാനായി ഇന്ത്യയ്ക്ക് 75 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഇന്ത്യയടക്കം 100 രാജ്യങ്ങൾക്കെങ്കിലും അടുത്ത വർഷങ്ങളിൽ ഉയർന്ന വരുമാനമുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ കഴിയില്ലെന്നും ലോക ബാങ്ക് പുറത്തിറക്കിയ ദ മിഡിൽ ഇൻകം ട്രാപ്പ്: വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുടെ പ്രതിശീർഷ വരുമാനത്തിന്റെ നാലിലൊന്നെങ്കിലും കൈവരിക്കാൻ ചൈനക്ക് പത്തും ഇന്തോനേഷ്യയ്ക്ക് 70 വർഷവും വേണ്ടിവരും. സാമ്പത്തിക വളർച്ചക്കിടയിൽ രാജ്യങ്ങളെ ബാധിക്കുന്ന മിഡിൽ ഇൻകം ട്രാപ്പാണ് ഇതിന് കാരണം.
മിഡിൽ ഇൻകം ട്രാപ്പ് ?
അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഒരു ഘട്ടം പിന്നിടുമ്പോൾ അതിനേക്കാൾ ഉയർന്ന വരുമാന പരിധിയിലേക്ക് കയറാനാകാതെ നിശ്ചലാവസ്ഥയിൽ തുടരുന്നതിനെയാണ് മിഡിൽ ഇൻകം ട്രാപ്പ് എന്ന് വിളിക്കുന്നത്. ചെലവ് വർദ്ധിക്കുകയും വിപണിയിലെ മത്സരബുദ്ധി പതിയെ ഇല്ലാതായി രാജ്യങ്ങൾ കെണിയിലകപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതായത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി 40 വർഷം കൊണ്ട് ഇരട്ടിയിലധികം നേട്ടമുണ്ടാക്കുമ്പോൾ അമേരിക്കയിലെ കമ്പനി ഇതേ കാലയളവിൽ 7 മടങ്ങ് വളർച്ചയുണ്ടാക്കും. കുറഞ്ഞ മധ്യ വരുമാന രാഷ്ട്രങ്ങളിലെ കമ്പനികൾ വളർച്ച നേടാൻ ബുദ്ധിമുട്ടുമെങ്കിലും കാലങ്ങളോളം നിലനിൽക്കും . മാത്രവുമല്ല ഇന്ത്യ , പെറു , മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ 90% കമ്പനികളിലും അഞ്ചോ അതിൽ കുറവോ ജീവനക്കാർ മാത്രമാണുള്ളത്. വളരെ കുറച്ചു കമ്പനികൾക്ക് മാത്രമേ പത്തോ അതിലധികമോ ജീവനക്കാരുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യങ്ങളെ മൂന്നായി തിരിച്ചാണ് ലോക ബാങ്ക് ഇത് കണക്കാക്കുന്നത്. കുറഞ്ഞ പ്രതിശീർഷ വരുമാന രാഷ്ട്രങ്ങൾ (Low income Economy), കുറഞ്ഞ മധ്യ വരുമാന രാഷ്ട്രങ്ങൾ (Lower-middle-income Economy), ഉയർന്ന വരുമാന രാഷ്ട്രങ്ങൾ (upper Middle income Economy )എന്നിങ്ങനെയാണ് തരം തിരിവ്. 2008 വരെ കുറഞ്ഞ പ്രതിശീർഷ വരുമാന പട്ടികയിലായിരുന്ന ഇന്ത്യയെ കുറഞ്ഞ മധ്യ വരുമാന രാഷ്ട്രമായി ഉയർത്തിയിരുന്നു.
സാമ്പത്തിക വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകി
അതേസമയം ഇന്ത്യ മിഡിൽ ഇൻകം ട്രാപ്പിലകപ്പെടുമെന്നും പ്രതിവിധികൾ വേണമെന്നും വർഷങ്ങളായി സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്മാരായ രഘുറാം രാജൻ, അരവിന്ദ് സുബ്രഹ്മണ്യം , രതിൻ റോയ് തുടങ്ങിയ നിരവധി പേർ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് ചൂണ്ടിക്കാണിച്ചിരുന്നു. 4 ശതമാനം പ്രതിശീർഷ വരുമാന നിരക്ക് വർധന കണക്കാക്കിയാൽ പോലും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2060 എത്തുമ്പോൾ 10,000 ഡോളറിൽ (ഏകദേശം 83,000 രൂപ) മാത്രമേ എത്തൂ. ഇത് നിലവിലെ ചൈനയിലെ പ്രതിശീർഷ വരുമാനത്തേക്കാൾ കുറവാണ്. ഇത് മറികടക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് രഘുറാം രാജൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.