ലോകബാങ്കിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗ
ജൂണ്‍ രണ്ടിന് ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേല്‍ക്കും, അഞ്ച് വര്‍ഷമാണ് കാലാവധി
ഇന്ത്യന്‍ വംശജനായ അജയ് ബാംഗ(Ajay Banga) അടുത്ത ലോക ബാങ്ക് പ്രസിഡന്റാകും. ലോകബാങ്കിന്റെ 25 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് ബാംഗയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നിലവിലെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസില്‍ നിന്ന് ജൂണ്‍ രണ്ടിന് അജയ് ബാംഗ ചുമതലയേറ്റെടുക്കും. അഞ്ച് വര്‍ഷമാണ് കാലാവധി.
യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് 63 കാരനായ ബാംഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. വേള്‍ഡ് ബാങ്ക് പ്രസിഡന്റിനെ അമേരിക്കന്‍ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നതാണ് കീഴ്‌വഴക്കം. അതേ സമയം, അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്/IMF) മേധാവിയെ നാമനിര്‍ദേശം ചെയ്യുന്നത് യൂറോപ്പാണ്.
ആരാണ് അജയ് ബാംഗ?
1959 നവംബര്‍ 10ന് പൂനെയിലാണ് അജയ്പാല്‍ സിംഗ് ബാംഗയുടെ ജനനം. ബോംബെ സെന്റ് സ്റ്റീഫന്‍സ് കോളെജ്, ഐ.ഐ.എം അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഐ.ഐ.എമ്മില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. നെസ്‌ലെ ഇന്ത്യയിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സിറ്റി ബാങ്കിന്റെ ഇന്ത്യ, മലേഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
1996ലാണ് അമേരിക്കയിലേക്ക് മാറുന്നത്. 13 വര്‍ഷം പെപ്‌സികോയില്‍ സി.ഇ.ഒ പദവി ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2010 മുതല്‍ മാസ്റ്റര്‍കാര്‍ഡിനൊപ്പം ചേര്‍ന്ന ബാംഗ 2021 ല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായാണ് വിരമിച്ചത്. നിലവില്‍ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ്.
2017ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്. നിരവധി ആഗോള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ബാംഗ 2016 ല്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി.