പോസ്റ്റല്‍ വകുപ്പിന്റെ ഇരുട്ടടി! പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം മതിയാക്കി, ചെലവ് ഇരട്ടിയാകും, മറ്റ് സേവനങ്ങളിലും മാറ്റം
കാലാനുസൃതമായി ഈ നിരക്കില്‍ വ്യത്യാസം വരുത്താറുണ്ടെങ്കിലും സേവനം തന്നെ നിറുത്തലാക്കിയത് നിരവധി പേരെ പ്രതിസന്ധിയിലാക്കും
പുസ്തകങ്ങളും മാസികകളും പത്രങ്ങളും കുറഞ്ഞ ചെലവില്‍ ആവശ്യക്കാര്‍ക്ക് അയക്കാന്‍ സാധിക്കുന്ന പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം തപാല്‍ വകുപ്പ് നിറുത്തലാക്കി. രജിസ്റ്റേര്‍ഡ് പോസ്റ്റായാണ് ഇനി മുതല്‍ പ്രസിദ്ധീകരണങ്ങള്‍ അയക്കേണ്ടത്. ഇത് പുസ്തകങ്ങള്‍ അയക്കാനുള്ള ചെലവ് ഇരട്ടിയിലേറെയാക്കും. കഴിഞ്ഞ ദിവസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതോടെ 600 ഗ്രാം തൂക്കം വരുന്ന ബുക്കുകള്‍ തപാലില്‍ അയക്കാനുള്ള നിരക്ക് 21 രൂപയില്‍ നിന്നും 61 രൂപയായി.
അച്ചടിച്ച പുസ്തകങ്ങളും മറ്റും തപാലില്‍ കുറഞ്ഞ നിരക്കിലെത്തിക്കുന്ന സംവിധാനം ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്താണ് ആരംഭിക്കുന്നത്. വായന പ്രോത്സാഹിപ്പിക്കാനും പ്രസാധകരെ സഹായിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. കാലാനുസൃതമായി ഈ നിരക്കില്‍ വ്യത്യാസം വരുത്താറുണ്ടായിരുന്നെങ്കിലും സേവനം തന്നെ നിറുത്തലാക്കിയതോടെ നിരവധി പ്രസാധകര്‍ പ്രതിസന്ധിയിലായി. ഇനി പുസ്തകങ്ങളും മാസികകളും കവറിലാക്കി രജിസ്റ്റേര്‍ഡ് പോസ്റ്റായി അയക്കേണ്ടി വരും.
മറ്റ് സേവനങ്ങളിലും മാറ്റം
ഇതിന് പുറമെ തപാല്‍ വകുപ്പിന്റെ മറ്റ് സേവനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. രജിസ്‌റ്റേഡ് ബുക്ക് പാക്കറ്റ് എന്നറിയപ്പെട്ടിരുന്ന സേവനം ഇനി മുതല്‍ ബുക്ക് പോസ്റ്റാകും. രജിസ്‌റ്റേഡ് പിരിയോഡിക്കല്‍സ് ഇനി പിരിയോഡിക്കല്‍ പോസ്‌റ്റെന്നും രജിസ്‌റ്റേഡ് പാഴ്‌സല്‍ സേവനം ഇന്ത്യ പോസ്റ്റ് പാഴ്‌സല്‍ റീട്ടെയില്‍ എന്ന പേരിലും അറിയപ്പെടും. ബിസിനസ് പാഴ്‌സലിനെ ഇന്ത്യ പോസ്റ്റ് പാഴ്‌സല്‍ കോണ്‍ട്രാക്ച്വല്‍ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. രജിസ്റ്റേഡ് പ്രിന്റഡ് ബുക്ക് സേവനവും രജിസ്റ്റേഡ് പാറ്റേണ്‍ ആന്‍ഡ് സാംപിള്‍ പാക്കറ്റ് സേവനവും ഇനിയുണ്ടാകില്ല. കൂടാതെ രജിസ്റ്റേഡ് കത്തുകളുടെ ഭാരം 2,000 ഗ്രാം എന്നത് 500 ഗ്രാമാക്കി കുറച്ചു. എന്നാല്‍ ഇലക്ട്രോണിക് മണി ഓര്‍ഡര്‍ സേവനം വഴി അയക്കാവുന്ന പരമാവധി തുക 5,000 രൂപയില്‍ നിന്നും 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.
അടച്ചുപൂട്ടാനുള്ള ശ്രമം
അതേസമയം, തപാല്‍ വകുപ്പിനെ ജനങ്ങളില്‍ നിന്നകറ്റി അടച്ചുപൂട്ടാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് തപാല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നത്. സ്വകാര്യ കൊറിയര്‍ കമ്പനികളെ സഹായിക്കാന്‍ കൂടിയാണ് ഇത്തരം തീരുമാനങ്ങള്‍. തപാല്‍ മേഖലയില്‍ പോസ്റ്റല്‍ വകുപ്പിനുണ്ടായിരുന്ന കുത്തകയും എടുത്തു കളഞ്ഞു. ഇതോടെ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയിലെവിടെയും സമാന്തര തപാല്‍ സേവനങ്ങള്‍ നടത്താന്‍ കഴിയുമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.