ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ശക്തം; പരിഷ്കരണങ്ങൾ തുടരണമെന്ന് റിസർവ് ബാങ്ക് ഗവർണർ

കൊച്ചി ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന് തുടക്കമായി

Update:2024-11-17 07:10 IST

കൊച്ചി ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കൊച്ചിയിൽ നടന്ന ചടങ്ങിൽ നിര്‍വഹിക്കുന്നു. കിഫ് ചെയര്‍മാനും കേന്ദ്ര നഗര വികസന വകുപ്പ് മുൻസെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രന്‍, റിട്ട. ജസ്റ്റിസ് സതീശചന്ദ്രന്‍, മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ടി.സി.എസ് കേരള മേധാവി ദിനേഷ് പി തമ്പി, അഭിഭാഷകനായ മധു രാധാകൃഷ്ണന്‍, ധനം പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവർ സമീപം

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഉണ്ടായ നിരവധി പ്രതിസന്ധികളെ ആഗോള സമ്പദ്‍വ്യവസ്ഥ വളരെ സാവധാനമാണ് അതിജീവിച്ചു വരുന്നതെങ്കിലും ഇന്ത്യയുടെ വളർച്ച ശക്തവും സുസ്ഥിരവുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നാണ്യപ്പെരുപ്പത്തിൽ സെപ്തംബർ, ​ഒക്ടോബർ മാസങ്ങളിൽ ചെറിയ വർധനവുണ്ടായെങ്കിലും ഡിസംബറോടെ കുറഞ്ഞു തുടങ്ങുകയും വൈകാതെ മിതമായ നിരക്കിലെത്തുകയും​ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെങ്കിലും, മുന്നോട്ടു നീക്കിയ സാമ്പത്തിക രംഗത്തെ ഘടനാപരമായ പരിഷ്കാരങ്ങൾ തു​ടരേണ്ടതുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (KIF-കിഫ്) ഉദ്ഘാടനം കൊച്ചിയിൽ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ശക്തികാന്ത ദാസ്. കോവിഡ്, യുക്രൈന്‍ യുദ്ധം, മിഡിൽ ഈസ്റ്റിലെ പോരാട്ടം എന്നിവയെല്ലാം ആഗോള സമ്പദ് വ്യവസ്ഥയേയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും പല തരത്തില്‍ ബാധിച്ചത് റിസർവ് ബാങ്ക് ഗവർണർ ചൂണ്ടിക്കാട്ടി. എന്നാല്‍ കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്ന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കരകയറി. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തിന്റെ കരുതൽ ശേഖരം 675 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ നാലാമത്തെ മികച്ച റിസര്‍വാണ്.

ഭൂവിനിയോഗത്തിലും തൊഴിൽ മേഖലയിലും ഇനിയും പരിഷ്‌കാരങ്ങള്‍ ആവശ്യം

ജി.എസ്.ടി, പാപ്പരത്ത ചട്ടം തുടങ്ങിയവ നടപ്പാക്കിയതും പണപ്പെരുപ്പ നിയന്ത്രണ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനെ ഏൽപിച്ചതുമെല്ലാം വലിയ പരിഷ്കാരങ്ങളാണ്. പരിഷ്‌കാരങ്ങള്‍ ഇനിയും തുടരണം. ഭൂവിനിയോഗത്തിലും തൊഴിൽ മേഖലയിലും ഇനിയും പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. വിവിധ മേഖലകളുടെ സമഗ്രമായ മുന്നേറ്റത്തില്‍ ഊന്നല്‍ നല്‍കണം. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ വ്യവസ്ഥവല്‍ക്കരണ നടപടികള്‍ കൂടുതല്‍ വ്യാപകമാക്കണം. വായ്പാ വിതരണ വ്യവസ്ഥ വിശാലമാക്കണം, സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തണം. വ്യവസ്ഥവൽക്കരണത്തിലൂടെ വഴിയോരക്കച്ചവടക്കാര്‍ക്കു വരെ ബാങ്ക് അക്കൗണ്ടുകളായതും യു.പി.ഐ വഴി പണം സ്വീകരിക്കാനാവുന്നതും ഇടപാടുകള്‍ ലളിതമാക്കി. പണം സ്വീകരിക്കുന്നതിൽ യു.പി.ഐ ഉണ്ടാക്കിയ മാറ്റം വായ്പാ വിതരണത്തിനായി പുതുതായി നടപ്പാക്കുന്ന യൂണിവേഴ്‌സല്‍ ലെന്‍ഡിംഗ് ഇന്റര്‍ഫേസ് (യു.എൽ.ഐ) വഴി ആവര്‍ത്തിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആധാരങ്ങളുടെ ഡിജിറ്റൈസേഷനും മറ്റും പൂര്‍ണമാകുമ്പോള്‍ വായ്പ നല്‍കല്‍ എളുപ്പമാകും.
കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ലോകം കടന്നുപോയ പ്രതിസന്ധികള്‍ നേരിടാന്‍ ഇന്ത്യ എടുത്ത നടപടികള്‍ ശ്രദ്ധേയമാണ്. ഇതിന്റെ ഫലമായി ബാങ്കുകളുടേയും എൻ.ബി.എഫ്.സികളുടെയും നില ശക്തമായി. കിട്ടാക്കടം ഗണ്യമായി കുറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. എന്നാൽ ഇക്കാലയളവില്‍ ചെയ്യാതിരുന്ന നടപടികളും ശ്രദ്ധേയമാണ്. കൂടുതല്‍ കറന്‍സി പ്രിന്റു ചെയ്തിരുന്നെങ്കില്‍ നാണ്യപ്പെരുപ്പമുണ്ടായേനെ. മറ്റു പല രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ നെഗറ്റീവ് പലിശ നിരക്ക് നടപ്പാക്കാതെ നാണ്യപ്പെരുപ്പവും പലിശനിരക്കും നാലു ശതമാനത്തിനടുത്ത് നിലനിർത്തി. ഇതൊക്കെയും സമ്പദ്‍വ്യവസ്ഥയിൽ കരകയറൽ കൂടുതല്‍ എളുപ്പമാക്കിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

കൊച്ചിയുടെയും കേരളത്തിന്റെയും മുന്നേറ്റം കിഫ് ലക്ഷ്യം

ഡൽഹിയിലും മറ്റ് നഗരങ്ങളിലുമുള്ള ഇന്റര്‍നാഷനല്‍ സെന്ററുകളുടെ മാതൃകയിലാണ് കൊച്ചി ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ പദ്ധതി നടപ്പാക്കുകയെന്ന് കിഫ് ചെയര്‍മാനും കേന്ദ്ര നഗര വികസന വകുപ്പ് മുൻ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രന്‍ പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ലോകനിലവാരത്തിലുള്ള ആസ്ഥാനവും പ്രവർത്തന, കോണ്‍ഫറന്‍സ് സൗകര്യങ്ങളും മറ്റും സ്ഥാപിക്കാനാണ് ലക്ഷ്യം. ബിസിനസ്, വിദ്യാഭ്യാസം, സാഹിത്യം, നിയമം, കല, ശാസ്ത്രം, പൊതുഭരണം, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ തുറകളിലെ ഏതാനും പേര്‍ ചേര്‍ന്നാണ് ഫൗണ്ടേഷന് തുടക്കമിട്ടിരിക്കുന്നത്. പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് വേദിയൊരുക്കി കൊച്ചിയുടേയും കേരളത്തിന്റേയും മുന്നേറ്റമാണ് ഫൗണ്ടേഷന്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്ന ലോഗോയും തയ്യാറായിക്കഴിഞ്ഞു. വ്യത്യസ്ത തുറകളിലുള്ളവരെ കൂട്ടിയോജിപ്പിച്ച് ഗവേഷണത്തിനും പങ്കാളിത്തങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള വികസന പരിപാടികളാണ് ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്നത്.
റിട്ട. ജസ്റ്റിസ് സതീശചന്ദ്രന്‍, സിന്തൈറ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ടി.സി.എസ് കേരള മേധാവി ദിനേഷ് പി തമ്പി, അഭിഭാഷകൻ മധു രാധാകൃഷ്ണന്‍, ധനം പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം തുടങ്ങിയവരാണ് പങ്കെടുത്ത മറ്റ് സ്ഥാപകാംഗങ്ങള്‍.
Tags:    

Similar News