പുതിയ ലേബര്‍ കോഡ് തല്‍ക്കാലം മാറ്റിവച്ച് കേന്ദ്രം; നിങ്ങളുടെ ശമ്പള ഘടന, പിഎഫ് എന്നിവ മാറില്ല
ജീവനക്കാരുടെ ജോലി സമയം മുതല്‍ വേതന ഘടന വരെ മാറുമായിരുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരില്ല. വിശദാംശങ്ങളറിയാം.
പ്രതീക്ഷിച്ചത് പോലെ ഇന്ത്യയുടെ പുതുക്കിയ ശമ്പള നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരില്ല. ശമ്പള ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള പുതിയ വേതന കോഡ് മാറ്റിവച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ വേതന കോഡും മറ്റ് മൂന്നു പുതുക്കിയ കോഡും നാളെ മുതല്‍ നടപ്പാക്കില്ല. സാമൂഹ്യ സുരക്ഷാ കോഡ്, വ്യാവസായിക ബന്ധങ്ങളെക്കുറിച്ചുള്ള കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് വേതന കോഡിനൊപ്പം ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാനിരുന്നത്.
സര്‍ക്കാര്‍ മഖലയിലും സ്വകാര്യമേഖലയിലും മാറ്റങ്ങള്‍ വരുത്തുന്നതായിരുന്നു പുതിയ ലേബര്‍ കോഡ്. 1926 ലെ ട്രേഡ്യൂണിയന്‍ നിയമം, 1946ലെ ഇന്‍ഡസ്സ്ട്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്സ്) നിയമം, 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് നിയമം തുടങ്ങിയവയാണ് പൊളിച്ചെഴുത്തിന് വിധേയമാക്കിയിരുന്നത്. എന്നാല്‍ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് ഇതിനായുള്ള അംഗീകാരത്തിന് സംസ്ഥാനങ്ങളുടെ കാലതമാസമുള്ളതിനാലാണ് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനൊരുങ്ങിയിരുന്ന ലേബര്‍ കോഡ് നിര്‍ത്തിവച്ചിരിക്കുന്നത്.
ജീവനക്കാരുടെ നഷ്ടപരിഹാര ഘടന പുനര്‍നിര്‍മ്മിക്കുന്നതിന് കമ്പനികള്‍ക്ക് കൂടുതല്‍ കാലതാമസം നല്‍കുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. എഓണിന്റെ (Aon) അഭിപ്രായത്തില്‍ മിക്ക കമ്പനികളും പുതിയ വേതന കോഡിലെ പല കാര്യങ്ങളിലും വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്.
പുതിയ നിയമങ്ങള്‍ കമ്പനികള്‍ക്കുള്ള ചെലവ് ശരാശരി 10% വര്‍ധിപ്പിക്കുമെന്നും എച്ച്ആര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു, കാരണം ഉയര്‍ന്ന ശമ്പളച്ചെലവ് മിക്ക തൊഴിലുടമകളുടെയും വേതന ബില്ലിനെ ബാധിക്കും. എന്നാല്‍ സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ പുതിയ കോഡിനനുസരിച്ച് മാറ്റം വരുത്തിയാല്‍ കേന്ദ്രം നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.