ചെറുകിട ഷോപ്പിംഗ് മാളുകള്‍ അതിജീവന ഘട്ടത്തില്‍; അതിജീവനത്തിന് വേണം പുതുവഴി

ഇടത്തരം നഗരങ്ങളില്‍ പോലും മാളുകള്‍ മുളച്ചുപൊന്തിയതോടെ നിരക്ക് കുറച്ച് വാടകയ്ക്ക് കൊടുക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി

Update:2024-05-09 19:25 IST

ഒരുകാലത്ത് രാജ്യത്ത് വലിയ വിപ്ലവം സൃഷ്ടിച്ചായിരുന്നു ഷോപ്പിംഗ് മാളുകളുടെ ഉദയം. ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ഷോപ്പിംഗ് നടത്തിയിരുന്നവര്‍ പതിയെ മാളുകളിലേക്ക് മാറി. എന്നാല്‍ കൊവിഡ് വന്നുപോയതോടെ ചെറുകിട മാളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാജ്യത്തെ ചെറുകിട മാളുകള്‍ പലതും പ്രേതമാളുകളായി (ഗോസ്റ്റ്മാള്‍) മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.

റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ നടത്തിയ പഠനത്തിലാണ് ദയനീയ അവസ്ഥയിലുള്ള മാളുകളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിക്കുന്നത്. ചെറിയ മാളുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തിയിരുന്നവര്‍ വലിയ മാളുകളിലേക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്കും മാറിയതാണ് തിരിച്ചടിയായത്.

മാളുകളിലെ ആകെ സ്ഥലത്തിന്റെ 40 ശതമാനത്തിന്റെ മുകളില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെങ്കില്‍ അത്തരം മാളുകളെയാണ് ഗോസ്റ്റ് മാളുകള്‍ എന്നു വിശേഷിപ്പിക്കുന്നത്. 2022ലെ കണക്കനുസരിച്ച് 64 എണ്ണമാണ് ഇത്തരത്തില്‍ പ്രേതമാളുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്.

തിരിച്ചടിയായി കൊവിഡും

നോട്ട് നിരോധനത്തിനും കൊവിഡിനും ശേഷം ജനങ്ങളുടെ വാങ്ങല്‍ രീതികളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇത് മാളുകളെ വലിയ തോതില്‍ ബാധിച്ചെന്ന് പഠനത്തില്‍ പറയുന്നു. ഇടത്തരം നഗരങ്ങളില്‍ പോലും മാളുകള്‍ മുളച്ചുപൊന്തിയതോടെ നിരക്ക് കുറച്ച് വാടകയ്ക്ക് കൊടുക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി.

കൊച്ചി നഗരത്തില്‍ പോലും ഒരുകാലത്ത് പ്രതാപത്തോടെ നിന്നിരുന്ന മാളുകളില്‍ ചിലത് ഇപ്പോള്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്. വലിയ ആഘോഷത്തോടെ തുടങ്ങിയ കൊച്ചിയിലെ ഒരു മാള്‍ ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. ഇവിടെയുണ്ടായിരുന്ന സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടപ്പെട്ടു.

നൈറ്റ് ഫ്രാങ്ക് രാജ്യത്തെ 29 മുന്‍നിര നഗരങ്ങളില്‍ നടത്തിയ പഠനം മാളുകളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന വസ്തുതയാണ് തുറന്നു കാണിക്കുന്നത്. മാളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പലതും വരുമാനം കുറഞ്ഞതോടെ അടച്ചുപൂട്ടുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്തു.

ഒരുലക്ഷം ചതുരശ്രയടി സ്ഥലം വാടകയ്ക്ക് നല്‍കാവുന്ന 132 എണ്ണം ഗോസ്റ്റ് മാളുകളായി മാറുന്നതിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം വര്‍ധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ ഒഴിവ് നിരക്ക് മുന്‍ വര്‍ഷത്തെ 33.5 ശതമാനത്തില്‍നിന്ന് 36.2 ശതമാനമായാണ് ഉയര്‍ന്നത്.

ശരാശരി 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വന്‍കിട ഷോപ്പിംഗ് മാളുകളില്‍ അഞ്ച് ശതമാനമെങ്കിലും ഒഴിഞ്ഞുകിടക്കുകയാണ്. ഇടത്തരം ഷോപ്പിംഗ് മാളുകളിലാകട്ടെ 15.5 ശതമാനം ഒഴിഞ്ഞു കിടക്കുകയാണെന്നതും സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.
Tags:    

Similar News