ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് റിലയന്‍സിനോട് 'അനാവശ്യ പ്രീതി'യെന്ന് സി.എ.ജി, ₹ 24 കോടിയുടെ നഷ്ടം

ആര്‍.ഐ.എല്ലിന് അനാവശ്യ ആനുകൂല്യം നൽകിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ ഓഡിറ്റ് റിപ്പോർട്ട്

Update:2024-10-05 12:48 IST
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) സ്പോൺസർഷിപ്പ് കരാറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് (ആർ.ഐ.എൽ) അനാവശ്യ ആനുകൂല്യം നൽകിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ഓഡിറ്റ് റിപ്പോർട്ട്. ആർ.ഐ.എല്ലുമായുളള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തെറ്റായ സ്പോൺസർഷിപ്പ് കരാർ മൂലം ഐ.ഒ.എയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ പുതുക്കിയപ്പോള്‍ അധിക തുക വാങ്ങിയില്ല

ആഗസ്റ്റ് 1, 2022 ലെ കരാര്‍ അനുസരിച്ച് ഏഷ്യൻ ഗെയിംസ് (2022, 2026), കോമൺവെൽത്ത് ഗെയിംസ് (2022, 2026), 2024 പാരീസ് ഒളിമ്പിക്‌സ്, 2028 ഒളിമ്പിക്‌സ് എന്നിവയുടെ പ്രധാന സ്പോൺസറായി പ്രവര്‍ത്തിക്കാനുളള അവകാശമാണ് ആർ.ഐ.എല്‍ നേടിയിരുന്നത്. 2023 ഡിസംബർ 5 ലെ ഭേദഗതി വരുത്തിയ കരാറിലൂടെ വിന്റർ ഒളിമ്പിക്‌സ് (2026, 2030), യൂത്ത് ഒളിമ്പിക് ഗെയിംസ് (2026, 2030) എന്നിവയുടെ അധിക സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങളും റിലയന്‍സിന് ലഭിച്ചു.
നാല് അധിക ഗെയിമുകളുടെ അവകാശം നൽകിയ 2023 ഡിസംബർ 5 ന് ഒപ്പുവച്ച സ്‌പോൺസർഷിപ്പ് കരാറിൽ അധിക തുക ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ വാങ്ങിയിട്ടില്ല. നേരത്തെയുളള കരാറില്‍ പറഞ്ഞിരിക്കുന്ന 35 കോടി രൂപ അതേപടി നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്.
അധികമായി നാല് ഗെയിമുകള്‍ കൂടി അനുവദിച്ചതിനാല്‍ ഓരോ ഗെയിമിനും ശരാശരി 6 കോടി രൂപ എന്ന നിലയില്‍ ഈടാക്കേണ്ടതായിരുന്നു. ഇത്തരത്തില്‍ സ്പോണ്‍സര്‍ഷിപ്പ് തുക 35 കോടി രൂപയിൽ നിന്ന് 59 കോടി രൂപയായി ഉയർത്തേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.

നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന് 
ഐ.ഒ.എ

ആർ.ഐ.എല്ലിനോടുള്ള അനാവശ്യ പ്രീതി മൂലമുളള തെറ്റായ കരാര്‍ കാരണം ഐ.ഒ.എയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായതായും സി.എ.ജി റിപ്പോർട്ട് പറയുന്നു.
സി.എ.ജി റിപ്പോര്‍ട്ടില്‍ മറുപടി നൽകാൻ ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2023 ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സ്‌പോൺസർമാരുടെ പേര് കൺട്രി ഹൗസിനൊപ്പം അനുവദിക്കുന്നത് നീക്കം ചെയ്തിരുന്നു.
റിലയൻസ് ഇന്ത്യ ഹൗസ് എന്നു പേരിടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായപ്പോള്‍ അവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഐ.ഒ.എ പ്രസിഡന്റ് ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് കുമാർ നാരംഗ് പറഞ്ഞു. അതിനാലാണ് നാല് ഇവന്റുകളുടെ അധിക അവകാശങ്ങൾ കൂടി റിലയന്‍സിന് നൽകേണ്ടി വന്നതെന്നും നാരംഗ് പറഞ്ഞു.
Tags:    

Similar News