ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ തിരിച്ചടിക്കാന്‍ ഇസ്രയേല്‍, ഇറാന്‍ വ്യോമപാത അടച്ചിട്ടത് ആണവ പരീക്ഷണത്തിനോ?
ഇസ്രയേല്‍ ഇറാനിലെ എണ്ണശുദ്ധീകരണ ശാലകള്‍ ആക്രമിച്ചാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
1,200 ഇസ്രയേലികളുടെ ജീവനെടുത്ത ഹമാസ് മിന്നലാക്രമണത്തിന് ഇന്ന് ഒരാണ്ട്. ഹമാസിനെതിരെ തുടങ്ങിയ യുദ്ധം 42,000ത്തിലധികം പലസ്തീനികളുടെ ജീവനെടുത്ത ശേഷവും പൂര്‍ണമായും ലക്ഷ്യം കാണാനാവാതെ തുടരുന്നു. ഗസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയില്‍ ലോകം. വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്ന ലോക നേതാക്കളുടെ ആവശ്യങ്ങള്‍ക്കിടയില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്.
തിരിച്ചടിക്കാന്‍ ഇസ്രയേല്‍
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ, ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള തുടങ്ങിയവരുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന യു.എസ് മുന്നറിയിപ്പുകള്‍ക്കിടയിലാണ് ഇസ്രയേല്‍ നീക്കം. കഴിഞ്ഞ ദിവസം ലെബനന്‍ അതിര്‍ത്തിയിലെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രത്യാക്രമണത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്. ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ ഇസ്രയേല്‍ പ്രത്യാക്രമണമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ തെക്കന്‍ ലെബനനിലും ഗസയിലും ഇസ്രയേല്‍ ആക്രമണം കനപ്പിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ഇസ്രയേല്‍ കനത്ത ജാഗ്രതയിലാണ്. ഇസ്രയേലിലെ ബസ് സ്‌റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹമാസ്, ഹിസ്ബുള്ള റോക്കറ്റാക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ ആണവ പരീക്ഷണം നടത്തിയോ?
അതേസമയം, ശനിയാഴ്ച രാത്രി ഇറാന്‍ ആണവപരീക്ഷണം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ശനിയാഴ്ച രാത്രിയോടെ ഇറാനിലും ഇസ്രയേലിലും അനുഭവപ്പെട്ട ചെറിയ ഭൂചലനമാണ് ഇത്തരമൊരു സംശയത്തിലേക്ക് നയിച്ചത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയില്‍ തുടങ്ങിയ ഭൂചലനം ഭൂകമ്പ മാപിനിയില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഇസ്രയേലിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഞായറാഴ്ച രാത്രി മുതല്‍ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ച് വിമാനങ്ങള്‍ റദ്ദാക്കിയത് വീണ്ടും അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇറാന്‍ വീണ്ടും ആക്രമണത്തിന് ഒരുങ്ങുകയാണോ അതോ ഇസ്രയേല്‍ പ്രത്യാക്രമണത്തെ തടയാനുള്ള കോപ്പുകൂട്ടുകയാണോ എന്നാണ് ലോകം വീക്ഷിച്ചത്. ഇസ്രയേല്‍ സൈന്യം ഇറാനിലെ എണ്ണശുദ്ധീകരണ ശാലകളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചേക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഈ നീക്കം. എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ ഇറാന്‍ വ്യോമപാത തുറന്നു.
ഒക്ടോബര്‍ ഏഴിലെ ആക്രമണം ഇസ്രയേല്‍ ചാര സംഘനടകള്‍ അറിഞ്ഞില്ലേ?
ശത്രുവിന്റെ ഉള്ളില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ കഴിവുള്ള ഇസ്രയേലി ചാരസംഘടനകള്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം അറിയാന്‍ വൈകിയതെന്തെന്ന ചോദ്യവും വാര്‍ഷികത്തില്‍ ഉയരുന്നുണ്ട്. ഇസ്രയേലിലെ ആഘോഷമായ ഷാബത്ത് ദിനത്തില്‍ ഹമാസ് നടത്തിയ ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡില്‍ 1,200ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗം പേരെയും മോചിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ ഏഴിലെ ആക്രമണം തടയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍ സൈന്യത്തിന്റെ ചാര സംഘടനയായ യൂണിറ്റ് 8200ന്റെ മേധാവി യോസി സറിയല്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ചാര സംഘടനകള്‍ ലെബനനില്‍ പേജര്‍-വാക്കി ടോക്കി സ്‌ഫോടന പരമ്പര നടത്തുന്നത്.
ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ യുദ്ധം വ്യാപിക്കും
അതേസമയം, ഇസ്രയേല്‍ ഇറാനെ ആക്രമിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ ഏതെങ്കിലും രാജ്യങ്ങള്‍ ഇസ്രയേലിനെ സഹായിച്ചാല്‍ അവര്‍ക്ക് നേരെയും ആക്രമണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇസ്രയേലിന് യു.എസ് സഹായം ലഭിക്കാനുള്ള സാധ്യതയും ഇറാന്‍ പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ക്യാമ്പുകള്‍ ഇറാന്‍ ലക്ഷ്യം വയ്ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് മലയാളികള്‍ അടക്കമുള്ള പ്രവാസി തൊഴിലാളികളെയും ബാധിക്കാനിടയുണ്ട്.
എന്നാല്‍ ഇറാനിലെ സൈനിക-എണ്ണശുദ്ധീകരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ പ്രതീകാത്മക ആക്രമണം നടത്തുമെന്നാണ് മുന്‍ പ്രധാനമന്ത്രി യെഹൂദ് ബറാക്കിന്റെ പ്രവചനം. ഇറാന്റെ നിയന്ത്രണത്തിലുള്ള ഖാര്‍ഗ് ദ്വീപില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്താനുള്ള സാധ്യതയുമുണ്ട്. ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണകയറ്റുമതി ചെയ്യുന്നത് ഈ ദ്വീപില്‍ നിന്നാണ്. ഇസ്രയേലില്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന ഓയില്‍ ടാങ്കറുകള്‍ ഇറാന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
ക്രൂഡ് ഓയില്‍ വില കൂടും, യു.എസില്‍ സാമ്പത്തിക മാന്ദ്യത
ഇറാന്റെ എണ്ണശുദ്ധീകരണ ശാലകളില്‍ ആക്രമണമുണ്ടായാല്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളര്‍ വരെ വര്‍ധിക്കാമെന്ന് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡന്‍ സാച്ചസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ എണ്ണയുത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം ബാരലിന്റെ കുറവുണ്ടായാല്‍ അടുത്ത വര്‍ഷം എണ്ണവില ബാരലിന് 20 ഡോളര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇത് യു.എസ് വിപണിയില്‍ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാക്കും. ഇതിനോടകം മന്ദഗതിയിലായ യു.എസ് സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇത് ഇന്ത്യയടക്കമുള്ള വിപണികളില്‍ പ്രതിഫലിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണം അടക്കമുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാന്‍ നിക്ഷേപകര്‍ തയ്യാറാകുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും വിലയിരുത്തലുണ്ട്.