റൈസിയുടെ മരണത്തിന് പിന്നിലും പേജര്‍ സ്ഫോടനം? നോര്‍ത്തേണ്‍ ആരോസ് കടുപ്പിച്ച് ഇസ്രായേല്‍, മരണം 558
പുതിയ ഭരണകൂടത്തിന് കീഴില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്ന ഇറാന് വിപുലമായ യുദ്ധത്തിലേക്ക് പോകാനുള്ള മനസില്ലെന്നാണ് വിലയിരുത്തല്‍
ലെബനനില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 558 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ 1300ലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമസേന വ്യാപകമായി ബോംബിട്ടത്. ഇതോടെ ഗാസയ്ക്ക് പുറമെ ലെബനനും യുദ്ധമുഖത്തേക്ക്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും പ്രതിസന്ധി രൂക്ഷമാക്കരുതെന്നും ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടു. ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തിയ റോക്കറ്റുകളെ അയണ്‍ ഡോം വ്യോമസുരക്ഷാ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. അതിനിടെ മേഖലയിലേക്ക് കൂടുതല്‍ സൈനിക വിന്യാസം നടത്തുമെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ്
വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുക, തെക്കന്‍ ലെബനനിലെ കുറച്ച് സ്ഥലം പിടിച്ചെടുത്ത് ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ ആക്രമണം തടയുക, വടക്കന്‍ ഗാസയില്‍ നിന്നും പലസ്തീനികളെ പൂര്‍ണമായും ഒഴിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്ന പേരില്‍ സൈനിക ദൗത്യം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവി പറഞ്ഞിരുന്നു. ഗാസ യുദ്ധം തുടങ്ങിയ ശേഷം വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ലെബനന്‍ ഷിയ സായുധ സംഘമായ ഹിസ്ബുള്ളയും ഏറ്റുമുട്ടലിലാണ്. ഇതിനെത്തുടര്‍ന്ന് 60,000ത്തോളം പേരെ ഇസ്രയേല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇവരെ തിരിച്ചെത്തിക്കാന്‍ പുതിയ യുദ്ധമുഖം തുറക്കുമെന്ന് പേജര്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
തെക്കന്‍ ലെബനന്‍, വടക്കന്‍ ഗാസ
വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേലികളെ തിരിച്ചെത്തിക്കുന്നതിനൊപ്പം ഇവരുടെ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതും നെതന്യാഹു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി തെക്കന്‍ ലെബനനിലെ കുറച്ച് സ്ഥലം പിടിച്ചെടുത്ത് സൈനിക ബഫര്‍ സോണ്‍ സൃഷ്ടിക്കാനാണ് ഇസ്രയേല്‍ സൈന്യം പദ്ധതിയിടുന്നത്. തെക്കന്‍ ലെബനനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭ്യര്‍ത്ഥിച്ചതും ഇതിന്റെ ഭാഗമാണ്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഹിസ്ബുള്ളയുടെ മനുഷ്യ കവചമാകരുതെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ലെബനനിലെ ആളുകളുടെ മൊബൈലുകളിലൂടെയും അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികം വൈകാതെ ഇസ്രയേല്‍ സേന കരയുദ്ധം ആരംഭിച്ചേക്കുമെന്നാണ് സൂചനകള്‍. അടുത്ത ഘട്ടത്തിലേക്ക് വൈകാതെ കടക്കുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ആക്രമണം കനപ്പിച്ചതോടെ തെക്കന്‍ ലെബനനില്‍ നിന്നും ധാരാളം ആളുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്.
അതേസമയം, വടക്കന്‍ ഗാസയില്‍ നിന്നും പലസ്തീനികളെ ഒഴിപ്പിക്കാനും ഇസ്രയേല്‍ പദ്ധതിയുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ നിന്നും സാധാരണക്കാരെ മുഴുവന്‍ ഒഴിപ്പിച്ച ശേഷം ഹമാസുകാരെ വധിക്കാനാണ് ഇസ്രയേല്‍ പദ്ധതി. ഏതാണ്ട് 3-5 ലക്ഷം വരെ പലസ്തീനികള്‍ ഇവിടെയുണ്ടെന്നാണ് യു.എന്‍ കണക്ക്.
അപലപിച്ച് ലോകരാജ്യങ്ങള്‍
പശ്ചിമേഷ്യയെ യുദ്ധഭീഷണിയിലാക്കിയ ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഖത്തര്‍, ചൈന, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഫ്രാന്‍സ് വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥിച്ചു.
ഇറാന്‍ മുന്‍പ്രസിഡന്റിന്റെ മരണത്തില്‍ സംശയിച്ച് ഇറാന്‍
അതിനിടെ, മുന്‍പ്രസിഡന്റ് ഇബ്രാഹീം റൈസിയുടെ മരണത്തിന് പിന്നിലും പേജര്‍ സ്‌ഫോടനമാണെന്ന ഇറാന്‍ എം.പിയുടെ ആരോപണം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. മരണത്തിന് കാരണമായ ഹെലിക്കോപ്ടര്‍ അപകടം നടക്കുമ്പോള്‍ റൈസി പേജര്‍ ഉപയോഗിച്ചിരുന്നുവെന്ന് ഇറാന്‍ എം.പി അഹമ്മദ് ബക്ഷയേശാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ലെബനനിലുണ്ടായ സ്‌ഫോടനത്തിന് കാരണമായ മോഡലിലുള്ള പേജറുകളാണോ അദ്ദേഹം ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇറാന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയത്. ഇക്കാര്യത്തില്‍ ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയുടെ പിന്‍ഗാമിയും തീവ്രനിലപാടുകാരനുമായ റൈസി കഴിഞ്ഞ മേയ് 19നുണ്ടായ ഹെലിക്കോപ്ടര്‍ അപകടത്തിലാണ് മരിക്കുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ഇറാനിയന്‍ ഏജന്‍സികള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലെബനനിലെ ആശയവിനിമയ ഉപകരണങ്ങള്‍ വ്യാപകമായി പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇറാന് പുതിയ സംശയങ്ങള്‍ തുടങ്ങിയത്.
ഇറാന്റെ നിലപാടെന്ത്
മേയ് 19നുണ്ടായ അപകടത്തില്‍ റൈസി കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയപ്പോഴാണ് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ കൊല്ലപ്പെടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇസ്രയേല്‍ ചാരസംഘടനകള്‍ ഒരുക്കിയ കെണിയില്‍ ഹനിയ വന്നുകയറിയെന്ന് വേണം പറയാന്‍. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ഇറാന്‍ കഴിഞ്ഞ ദിവസം പത്തോളം ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയതായി അറിയിച്ചിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി അതിഥിയെ വധിച്ചത് വലിയ നാണക്കേടായി കരുതുന്ന ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ പുതിയ ഭരണകൂടത്തിന് കീഴില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്ന ഇറാന് വിപുലമായ യുദ്ധത്തിലേക്ക് പോകാനുള്ള മനസില്ലെന്നാണ് വിലയിരുത്തല്‍. ലെബനനിലെ ആക്രമണത്തോടെ ഇറാനെയും അമേരിക്കയെയും കൂടി യുദ്ധത്തിന്റെ ഭാഗമാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ കരുതുന്നു. ഇറാനെ യുദ്ധത്തിലേക്ക് നയിച്ച് പശ്ചിമേഷ്യയെ മുഴുവന്‍ പ്രതിസന്ധിയിലാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രതികരണം.