കെ.എഫ്.സിക്ക് അടിതെറ്റുന്നു, 'പാരമ്പര്യം' മുതല്‍ ഇസ്രയേല്‍ വരെ പ്രതിസന്ധിക്ക് കാരണം; ഫ്രൈഡ് ചിക്കന്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

യു.എസ് മാര്‍ക്കറ്റില്‍ പ്രകടമായ തളര്‍ച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ആവര്‍ത്തിക്കാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്‌

Update:2024-09-18 19:36 IST

Image Courtesy: x.com/kfc

ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളിലൂടെ ലോകമെങ്ങും രുചി വൈവിധ്യം പകര്‍ന്ന കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്ന കെ.എഫ്.സി കടന്നുപോകുന്നത് തിരിച്ചടികളുടെ കാലഘട്ടത്തിലൂടെ. വില്പനയിലെ കുറവും സമാന സ്വഭാവമുള്ള എതിരാളികളില്‍ നിന്നുള്ള വലിയ മല്‍സരവുമാണ് ഈ അമേരിക്കന്‍ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

തിരിച്ചടിക്ക് കാരണങ്ങള്‍ പലത്

അമേരിക്കന്‍ മാര്‍ക്കറ്റിലാണ് കെ.എഫ്.സിയുടെ തിരിച്ചടിയുടെ സൂചനകള്‍ ആദ്യം ദൃശ്യമായത്. 2010ന്റെ തുടക്കത്തില്‍ എതിരാളികളില്‍ നിന്നുള്ള മല്‍സരം ശക്തമായതോടെയാണ് കെ.എഫ്.സിക്ക് കഷ്ടകാലം ആരംഭിക്കുന്നത്. പരമ്പരാഗത ബിസിനസ് മോഡലില്‍ നിന്ന് പുറത്തു കടക്കാത്തത് കമ്പനിയുടെ പ്രകടനത്തെ ബാധിച്ചു. ഇന്ത്യയിലും യു.കെയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കമ്പനിയുടെ വളര്‍ച്ച താഴേക്കാണ്.
ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കെ.എഫ്.സി ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് കാരണമായി. യു.എസില്‍ പലയിടത്തും ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ കമ്പനി നിര്‍ബന്ധിതരായി. വില്പന കുറഞ്ഞതാണ് ഇവിടങ്ങളില്‍ പ്രതിസന്ധിക്ക് കാരണം. യു.എസില്‍ മാത്രം 25,000ത്തിലധികം ഔട്ട്‌ലെറ്റുകളാണ് കെ.എഫ്.സിക്ക് ഉള്ളത്. ഇതില്‍ പലതും നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. യു.എസിലെ വിപണി വിഹിതം 2023 സാമ്പത്തികവര്‍ഷം 11.3 ആയിട്ടാണ് കുറഞ്ഞത്. മുന്‍ വര്‍ഷം ഇത് 16.1 ശതമാനമായിരുന്നു.

ഇന്ത്യയിലെ അവസ്ഥ

പ്രാദേശികമായി ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡുകള്‍ കൂടുതലായി ഉയര്‍ന്നു വരുന്നത് കെ.എഫ്.സിക്ക് തിരിച്ചടിയാണ്. ദേവയാനി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, സഫയര്‍ ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് ഇന്ത്യയിലെ കെ.എഫ്.സി ഫ്രാഞ്ചൈസികളില്‍ അധികവും കൈകാര്യം ചെയ്യുന്നത്. ഇരു കമ്പനികളുടെയും വിറ്റുവരവ് ഓരോ വര്‍ഷം ചെല്ലുന്തോറും കുറയുകയാണ്.
ദേവയാനിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭം വെറും നാലു കോടി രൂപ മാത്രമായിരുന്നു. 2022ല്‍ 155 കോടി രൂപയും 2023 സാമ്പത്തികവര്‍ഷം 263 കോടി രൂപയും ലാഭം നേടിയ സ്ഥാനത്താണിത്. സഫയര്‍ ഫുഡ്‌സിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കടുത്ത മല്‍സരം നേരിടുന്നത് അവരുടെ ബിസിനസിനെ ആകെ ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് 1995ലാണ് കെ.എഫ്.സി എത്തുന്നത്.
1952ല്‍ തന്റെ 65-ാം വയസില്‍ കേണല്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സ് ആണ് കെ.എഫ്.സിക്ക് തുടക്കമിടുന്നത്. നിലവില്‍ 123 രാജ്യങ്ങളില്‍ കെ.എഫ്.സി വിഭവങ്ങള്‍ വില്‍ക്കുന്നുണ്ട്. കമ്പനിയുടെ പ്രശസ്തമായ ലോഗോയില്‍ സാന്‍ഡേര്‍സിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
Tags:    

Similar News