ട്രെന്റ് മാറ്റിയെഴുതിയ സംരംഭം പൂട്ടുന്നു, വമ്പന്‍ തീരുമാനവുമായി അംബാനി; ജിയോ സിനിമയെ കൈവിടുന്നതിന് കാരണം ഇതൊക്കെ
ജിയോ സിനിമയേക്കാള്‍ വാണിജ്യപരമായ പല നേട്ടങ്ങളും ഹോട്ട്‌സ്റ്റാറിനുണ്ട്, ഇതുതന്നെയാണ് സ്വന്തം കമ്പനി അടച്ചുപൂട്ടാന്‍ അംബാനിയെ പ്രേരിപ്പിക്കുന്നതും
ഇന്ത്യയിലെ ഒ.ടി.ടി രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങളാണ് അടുത്ത കാലത്തായി നടക്കുന്നത്. താരതമ്യേന മല്‍സരം കുറവായിരുന്ന മേഖലയില്‍ ഇപ്പോള്‍ വന്‍കിട കമ്പനികളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. വ്യത്യസ്തമായ ഉള്ളടക്കത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്നത്.
നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറും സീയും എല്ലാം കടുത്ത മല്‍സരവുമായി പോരാടിക്കുന്ന സമയത്താണ് ജിയോ സിനിമയുമായി മുകേഷ് അംബാനിയെത്തുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഫിഫ ഫുട്‌ബോള്‍ ലോകകപ്പും സൗജന്യമായി പ്രേക്ഷകരിലേക്ക് എത്തിച്ച് ജിയോ മല്‍സരം വേറൊരു തലത്തിലേക്ക് ഉയര്‍ത്തി. ഇതോടെ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തിലെ നഷ്ടം സഹിച്ച് എതിരാളികളും ഇതേ വഴിയിലെത്തി.
ഇപ്പോഴിതാ ജിയോ സിനിമ ഇനി അധികനാളില്ലെന്ന സൂചനകള്‍ റിലയന്‍സ് ഗ്രൂപ്പ് തന്നെ നല്‍കിയിരിക്കുന്നു. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം18ന്റെയും സ്റ്റാര്‍ ഇന്ത്യയുടെയും ലയനത്തോടെ ജിയോ സിനിമയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ കതീരുമാനം. ലയനത്തോടെ സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ റിലയന്‍സിന് സ്വന്തമാകും. ഒരേ മേഖലയില്‍ രണ്ട് വ്യത്യസ്ത കമ്പനികള്‍ വേണ്ടെന്ന തീരുമാനമാണ് മുകേഷ് അംബാനിക്കുള്ളതെന്ന് റിലയന്‍സുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇനി ജിയോ ഹോട്ട്‌സ്റ്റാര്‍
ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിന് പ്ലേസ്റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. മറുവശത്ത് ജിയോ സിനിമയ്ക്ക് 100 ദശലക്ഷം ഡൗണ്‍ലോഡുകള്‍ മാത്രമേയുള്ളൂ. രണ്ട് സ്ഥാപനങ്ങള്‍ ഒരേ രംഗത്ത് മല്‍സരിക്കുന്നത് എതിരാളികള്‍ മുതലെടുത്തേക്കുമെന്ന ആശങ്കയാണ് ജിയോ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്താനുള്ള കാരണം. അതേസമയം, പുതിയ സ്ഥാപനം ജിയോഹോട്ട്സ്റ്റാര്‍ എന്നായിരിക്കും അറിയപ്പെടുക. എല്ലാ സ്പോര്‍ട്സ് കണ്ടന്റുകളും 2025 ജനുവരിയോടെ ജിയോ സിനിമാസില്‍ നിന്ന് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലേക്ക് മാറുമെന്നാണ് വിവരം.