വിശ്വസ്തരും കൈവിട്ടു, ട്രംപിന്റെ ഭീഷണിയും പ്രതിപക്ഷത്തിന്റെ വെല്ലുവിളിയും; ട്രാപ്പിലായി ട്രൂഡോ
ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ യു.എസില്‍ നിന്ന് കാനഡയ്ക്ക് ഏറ്റവും മോശം സമീപനമാകും നേരിടേണ്ടി വരിക
ഒപ്പം നിന്നവരും വാരിക്കോരി നല്‍കി പ്രീണിപ്പിച്ചവരും എതിര്‍ചേരിയില്‍ നിലയുറപ്പിച്ചതോടെ കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒറ്റപ്പെടുന്നു. ധനമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രലാന്‍ഡ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ട്രൂഡോയുമായുള്ള അഭിപ്രായഭിന്നതയാണ് അവരെ പുറത്തേക്ക് നയിച്ചത്.
കാനഡയില്‍ ട്രൂഡോയുടെ ജനസമ്മതി ഓരോ ദിവസം കഴിയുന്തോറും ഇടിയുകയാണ്. സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡയിലും അദ്ദേഹത്തിന്റെ സ്വാധീനം നഷ്ടമാകുകയാണ്. ഇതിനിടെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് സിഖ് വംശജര്‍ക്ക് സ്വാധീനമുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മത് സിംഗും രംഗത്തെത്തി.
ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് കാനഡയില്‍ വേരോട്ടം ലഭിച്ചത് ട്രൂഡോയുടെ അയഞ്ഞ നയങ്ങള്‍ മൂലമായിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യയുമായുള്ള ബന്ധവും വഷളായി. അന്നൊക്കെ ഒപ്പമുണ്ടായിരുന്ന ജഗ്മത് സിംഗും പാര്‍ട്ടിയും രാജി ആവശ്യപ്പെട്ടത് ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ്.
നാട്ടുകാര്‍ക്ക് മടുത്തു
കാനഡയിലേക്ക് കുടിയേറ്റക്കാരെ വന്‍തോതില്‍ ആകര്‍ഷിക്കുന്ന നയങ്ങളായിരുന്നു ട്രൂഡോ തുടക്കം മുതല്‍ സ്വീകരിച്ചു പോന്നത്. തുടക്കത്തില്‍ നാട്ടുകാരില്‍ നിന്ന് ഈ നയത്തിന് കൈയടി കിട്ടിയെങ്കില്‍ പിന്നീട് കഥമാറി. കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കാനഡയിലെ വീട്ടുവാടകയും സാധനങ്ങളുടെ വിലയും അതിവേഗം ഉയര്‍ന്നു. തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭിക്കാത്ത അവസ്ഥ കൂടി വന്നതോടെ രോഷം ശക്തമായി.
രാജ്യത്തിന്റെ പലയിടങ്ങളിലും കുടിയേറ്റക്കാര്‍ അന്നാട്ടുകാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതും ട്രൂഡോയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചു. ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ഖാലിസ്ഥാന്‍വാദികളെ പ്രോത്സാഹിപ്പിച്ചത് ഇപ്പോള്‍ ട്രൂഡോയ്ക്ക് തന്നെ കുരുക്കായി മാറുകയാണ്. കാനഡയില്‍ ഖാലിസ്ഥാനികള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന തരത്തിലുള്ള വാദങ്ങള്‍ അങ്ങിങ്ങായി ഉയര്‍ന്നു വരുന്നുണ്ട്. ഇത് ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് തലവേദനയായി മാറും.
അതിര്‍ത്തിക്കപ്പുറവും വെല്ലുവിളി
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ സ്വന്തം രാജ്യത്തു നിന്ന് കാര്യമായ പിന്തുണ ട്രൂഡോയ്ക്ക് ലഭിച്ചിരുന്നില്ല. ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ യു.എസില്‍ നിന്ന് കാനഡയ്ക്ക് ഏറ്റവും മോശം സമീപനമാകും നേരിടേണ്ടി വരിക. കാനഡയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള നികുതി കുത്തനെ കൂട്ടുമെന്ന് ട്രംപ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കാനഡയുടെ സമ്പദ്‌വ്യവസ്ഥ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും.