കര്‍ണാടകത്തില്‍ 'മണ്ണിന്റെ മക്കള്‍'ക്ക് ജോലി സംവരണം: മലയാളികള്‍ അടക്കം ആശങ്കയില്‍; കടുത്ത എതിര്‍പ്പ് ഉയരുന്നു

സംവരണം പാലിച്ചില്ലെങ്കില്‍ 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴയീടാക്കാനും വകുപ്പുണ്ട്

Update:2024-07-17 13:08 IST
മണ്ണിന്‍ മക്കള്‍ വാദമുയര്‍ത്തി തദ്ദേശീയര്‍ക്ക് ജോലി സംവരണം ഉറപ്പുവരുത്തുന്ന കരട് ബില്ലിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതോടെ നിയമമായി മാറും.
മലയാളികള്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. മാനേജ്‌മെന്റ് ജോലികളില്‍ 50 ശതമാനവും ഇതര വിഭാഗങ്ങളില്‍ 75 ശതമാനവും സംവരണം കര്‍ണാടക സ്വദേശികള്‍ക്ക് നല്‍കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഗ്രൂപ്പ് സി, ഡി കാറ്റഗറി ജോലികളില്‍ കര്‍ണാടക സ്വദേശികള്‍ക്ക് മാത്രമേ ഇനി മുതല്‍ നിയമനം നടത്താന്‍ സാധിക്കുകയൂള്ളൂ 
എന്ന വിശദീകരണ കുറിപ്പ് ഇതിനു പുറമെ മുഖ്യമന്ത്രി സിദ്ധരാമയ്യ 'എക്‌സി'ല്‍ നല്‍കിയിരുന്നു. വ്യാപക പ്രതിഷേധത്തിനിടയില്‍ ഈ പോസ്റ്റ് മുഖ്യമന്ത്രി എക്‌സില്‍ നിന്ന് നീക്കിയിട്ടുണ്ട്.

ആര്‍ക്ക് ഗുണം ചെയ്യും?

തദ്ദേശവാസി ആരാണെന്ന് ബില്ലില്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ട്. കര്‍ണാടകയില്‍ ജനിച്ച് 15 വര്‍ഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയാകണം. കന്നഡ ഭാഷ എഴുതാനും വായിക്കാനും സാധിക്കുന്നയാളാകണം. കന്നഡ ഒരു ഭാഷയായുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ നോഡല്‍ ഏജന്‍സി നിഷ്‌കര്‍ഷിക്കുന്ന കന്നഡ ഭാഷ പ്രാവീണ്യ പരീക്ഷയില്‍ വിജയിച്ചിരിക്കണം.
സംവരണ വിഭാഗത്തില്‍പ്പെട്ടവരെ വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഭാഷയില്‍ പരിശീലനം നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കന്നഡ സ്വദേശികളെ കിട്ടാനില്ലെങ്കില്‍ ഇക്കാര്യം അറിയിച്ച് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതിയും നേടണം. സര്‍ക്കാര്‍ ഇക്കാര്യം ശരിയാണെന്ന് ഉറപ്പ് വരുത്താന്‍ അന്വേഷണം നടത്തും.
ആളെ കിട്ടിയില്ലെങ്കിലും പിഴ
തദ്ദേശീയരായ ജീവനക്കാരുടെ എണ്ണം ഒരുഘട്ടത്തിലും നിശ്ചിത ശതമാനത്തില്‍ കുറയരുതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മാനേജ്‌മെന്റ് തസ്തികയില്‍ കുറഞ്ഞത് 25 ശതമാനവും ഇതര വിഭാഗത്തില്‍ 50 ശതമാനവും ജീവനക്കാര്‍ നിര്‍ബന്ധമാണ്. സംവരണം പാലിച്ചില്ലെങ്കില്‍ 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴയീടാക്കാനും വകുപ്പുണ്ട്. നിശ്ചിത ശതമാനം സംവരണം പാലിക്കപ്പെടുന്ന വരെ ദിവസവും 100 രൂപ വരെ പിഴയീടാക്കും.
മലയാളികള്‍ക്ക് തിരിച്ചടിയാകും
കര്‍ണാടകയില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. സംവരണം വരുന്നതോടെ ഇവരില്‍ പലരുടെയും തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കും. ഭാവിയില്‍ ബെംഗളൂരുവിലെ ഐ.ടി കമ്പനികളില്‍ പോലും മലയാളികള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത കുറയും. കര്‍ണാടകയില്‍ സ്ഥാപനം നടത്തുന്നവര്‍ക്ക് കൂടുതല്‍ തദ്ദേശീയരെ ജോലിക്കെടുക്കേണ്ട അവസ്ഥയും സംജാതമാകും.
ഭരണഘടന വിരുദ്ധമായ ബില്ലാണിതെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ബില്ല് നിയമമായാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
Tags:    

Similar News