അഞ്ചു വര്‍ഷം കൊണ്ട് 2,000 കോടി വരുമാനത്തിലേക്ക് കുതിക്കാന്‍ കെല്‍ട്രോണ്‍; വമ്പന്മാരെ മറികടക്കാന്‍ ഒരുക്കം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ മറികടന്ന് എഫ്.സി.ഐ ഓര്‍ഡര്‍ നേടിയെടുക്കാന്‍ കെല്‍ട്രോണിന് സാധിച്ചിരുന്നു

Update:2024-11-26 15:51 IST

Image Courtesy: keltron.org

2025ല്‍ ആയിരം കോടി രൂപയുടെ വിറ്റുവരവും 2030ല്‍ 2000 കോടിയുടെ വിറ്റുവരവുമാണ് കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഓരോ മാസവും അഭിമാനകരമായ നേട്ടങ്ങളാണ് കെല്‍ട്രോണ്‍ കൈവരിക്കുന്നത്. ഒക്ടോബറില്‍ നാഗ്പൂര്‍ കോര്‍പ്പറേഷന്റെ 197 കോടിയുടെ ഓര്‍ഡറും കിട്ടി. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ എല്‍ടോര്‍ക്കുമായി നേരത്തെ കെല്‍ട്രോണ്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.
അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) നിന്ന് പുതിയ ഓര്‍ഡര്‍ ലഭിച്ചു. രാജ്യത്തെ 561 എഫ്.സി.ഐ ഡിപ്പോകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കരാര്‍. 168 കോടി രൂപയുടേതാണ് കരാര്‍.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ മറികടന്നു

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ ഓപ്പണ്‍ ടെന്‍ഡറില്‍ മറികടന്നാണ് കെല്‍ട്രോണ്‍ ഓര്‍ഡര്‍ സ്വന്തമാക്കിയത്. റെയില്‍ടെല്‍ കോര്‍പറേഷന്‍, ടെലി കമ്യൂണിക്കേഷന്‍സ് ഇന്ത്യ ലിമിറ്റഡ് ഉള്‍പ്പെടെ അഞ്ചോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ മറികടക്കാന്‍ കെല്‍ട്രോണിനായി. ഒന്‍പതു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.
അടുത്തിടെ ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകനിലവാരത്തിലുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമുള്‍പ്പെടെ വിതരണം ചെയ്യുകയാണ് ഉത്പാദന കേന്ദ്രത്തിന്റെ ലക്ഷ്യം.
Tags:    

Similar News