ജൂനിയര്‍ അംബാനിമാര്‍ക്കൊപ്പം ഇടംപിടിച്ച് രണ്ട് മലയാളി യുവസംരംഭകര്‍; ഹുറൂണ്‍ പട്ടിക ഇങ്ങനെ

പെരിന്തല്‍മണ്ണ സ്വദേശിയായ അജീഷ് അച്യുതന്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ 100 കോടി മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകനാണ്

Update:2024-09-26 17:40 IST

Image Courtesy: x.com/RIL_Updates, canva

ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ പ്രതീക്ഷയര്‍പ്പിക്കാവുന്ന യുവസംരംഭകരുടെ പട്ടികയില്‍ വമ്പന്മാര്‍ക്കൊപ്പം ഇടംപിടിച്ച് രണ്ട് മലയാളി മലയാളികളും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഉള്‍പ്പെടുന്ന ലിസ്റ്റിലാണ് ഓപ്പണ്‍ സഹസ്ഥാപകന്‍ അജീഷ് അച്യുതനും പത്തനംതിട്ട റാന്നി സ്വദേശിയായ ലിബിന്‍ വി. ബാബുവും ആണ് ഇടംപിടിച്ചത്. ക്ഷീരകര്‍ഷകരെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനായി ആരംഭിച്ച 'അനിമാള്‍' എന്ന സംരംഭത്തിന്റെ സഹസ്ഥാപകനാണ് ലിബിന്‍.
പെരിന്തല്‍മണ്ണ സ്വദേശിയായ അജീഷ് അച്യുതന്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ 
100 കോടി ഡോളര്‍ 
മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകനാണ്. നിയോബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ 2017ലാണ് ആരംഭിക്കുന്നത്.
റാങ്കിംഗില്‍ ഇഷാ അംബാനിക്കും ആകാശ് അംബാനിക്കും തൊട്ടുപിന്നില്‍ 33മതായാണ് അജീഷ് ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകന്‍ ഷെയര്‍ചാറ്റിന്റെ സഹസ്ഥാപകന്‍ അങ്കുഷ് സച്ച്‌ദേവയാണ്. 35 വയസില്‍ താഴെ പ്രായമുള്ളവരെയാണ് ഹുറൂണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടികയില്‍ ഏഴു വനിതകള്‍

ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചത് ഏഴു വനിതകളാണ്. ടോഡില്‍ സഹസ്ഥാപക പരീത പരീഖ്, ഇഷാ അംബാനി, ഗണേഷ് ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ അനേരി ഡി. പട്ടേല്‍, അനീഷ തിവാരി (യു.എസ്.വി), അഞ്ജലി മെര്‍ച്ചന്റ് (എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍), സലോണി ആനന്ദ് (ട്രയ ഹെല്‍ത്ത്) എന്നിവരാണ് ലിസ്റ്റിലുള്ളത്. സ്വന്തമായി സംരംഭം ആരംഭിച്ച് വിജയം കൊയ്തവരും കുടുംബ ബിസിനസ് നേതൃത്വം ഏറ്റെടുത്തവരും പട്ടികയിലുണ്ട്.
കഴിഞ്ഞ മാസം ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ അതിസമ്പന്നരായ ഇന്ത്യക്കാരുടെ ലിസ്റ്റില്‍ ആറു മലയാളികള്‍ ഇടംപിടിച്ചിരുന്നു. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ജോയ് ആലുക്കാസ്, ക്രിസ് ഗോപാലകൃഷ്ണന്‍, ടി.എസ്. കല്യാണരാമന്‍, സണ്ണി വര്‍ക്കി, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് സമ്പന്ന പട്ടികയിലെ മലയാളി സാന്നിധ്യം.
Tags:    

Similar News