കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഭാവി വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കും: വിനോദ് മഞ്ഞില
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും വിഭവ സമാഹരണത്തിനും സഹായകരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍;
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയെ അതിവേഗം മാറ്റികൊണ്ടിരിക്കുകയാണെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.എ) കേരള ഘടകം ചെയര്‍മാന്‍ വിനോദ് മഞ്ഞില. ഭാവി വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്നത്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 20% വര്‍ദ്ധനയാണ് സംസ്ഥാനത്തുണ്ടാകുന്നത്. കേരളത്തില്‍ വിവിധ മേഖലകളിലായി 3,500ലധികം സജീവ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കുതിച്ചുചാട്ടം നവീകരണത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന കേരളത്തെയാണ് കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി മാറി
സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) വഹിക്കുന്നത്. ഐ.ഇ.ഡി.സി (കോളേജുകള്‍ക്കായുള്ള ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകള്‍), വൈ.ഐ.പി (യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം), ഇന്‍കുബേഷനും ആക്‌സിലറേഷനുമുള്ള പ്രോഗ്രാമുകള്‍, കോര്‍പ്പറേറ്റ് ഇന്നൊവേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മികച്ച ഇടമാക്കി കേരളത്തെ മാറ്റി.
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച സംസ്ഥാനത്തെ വ്യവസായങ്ങളിലെ ഡിജിറ്റല്‍ വത്കരണവും വേഗത്തിലാക്കി. ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നതോടെ, സാങ്കേതിക നവീകരണം, സുസ്ഥിരത, സാമ്പത്തിക വൈവിധ്യവല്‍ക്കരണം എന്നിവയിലൂടെ ഭാവി വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഹെല്‍ത്ത്ടെക്, അഗ്രിടെക്, ഫിന്‍ടെക്, എഡ്യൂടെക്, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ പരമ്പരാഗത വ്യവസായങ്ങളെ പരിവര്‍ത്തനം ചെയ്യുകയാണ്.
തൊഴിലവസരം കൂട്ടി
വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. സാങ്കേതികവിദ്യ, നിര്‍മ്മാണം, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ പിന്തുണ തുടങ്ങിയ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ തൊഴിലില്ലായ്മ നിരക്കും കുറക്കാനും സഹായിച്ചു. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വലിയ വളര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും വിഭവ സമാഹരണത്തിനും സഹായകരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെന്നും അദ്ദേഹം പറയുന്നു.