കുണ്ടന്നൂര്‍-തേവര പാലത്തില്‍ ദുരിതങ്ങള്‍ തീരുന്നില്ല; ശാസ്ത്രീയ നിര്‍മ്മാണം ഓഗസ്റ്റിലെന്ന് അധികൃതര്‍
ഒരാഴ്ച മുമ്പാണ് പാലത്തിലെ കുഴികള്‍ അടച്ചത്
കുണ്ടന്നൂര്‍-തേവര പാലത്തില്‍ ഇപ്പോള്‍ നടന്നത് അറ്റകുറ്റപ്പണികള്‍ മാത്രമാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. റോഡിന്റെ അവസ്ഥ വളരെ മോശമായതിനാല്‍ താല്‍ക്കാലിക പരിഹാരം എന്ന നിലയിലുളള നടപടികളാണ് സ്വീകരിച്ചത്. ഒരാഴ്ച മുമ്പാണ് പാലത്തിലെ കുഴികള്‍ അടച്ച് വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തത്.
എന്നാല്‍ നിലവാരം കുറഞ്ഞ രീതിയിലാണ് കുഴികൾ അടച്ചതെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാതെയാണ് അറ്റകുറ്റപ്പണികള്‍ നടന്നത്, റോഡിന്റെ തകർന്ന ചില ഭാഗങ്ങളില്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല തുടങ്ങിയ പരാതികളും ജനങ്ങള്‍ ഉന്നയിച്ചിരുന്നു.
മഴക്കാലമായതിനാല്‍ ഇപ്പോള്‍ ചെയ്യാനാകില്ല
അതേസമയം കനത്ത മഴയെ തുടര്‍ന്നാണ് വീണ്ടും കുഴികളുണ്ടായതെന്നും അതു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലത്തില്‍ ശാസ്ത്രീയ നിര്‍മ്മാണം ഓഗസ്റ്റില്‍ തുടങ്ങും. 12.85 കോടിയുടെ നിര്‍മ്മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ജൂണില്‍ മഴ തുടങ്ങിയതിനാല്‍ ഓഗസ്റ്റില്‍ ശാസ്ത്രീയ നിര്‍മ്മാണം ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു. ശാസ്ത്രീയ നിര്‍മാണം കഴിയുന്നതോടെ കൂടുതല്‍ ഉറപ്പുളള മികച്ച റോഡ് ഗതാഗതത്തിന് സജ്ജമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷത്തിനുളളില്‍ വരുന്ന അറ്റകുറ്റപ്പണികള്‍ കരാറുകാരന് തന്നെ നടത്തണമെന്ന വ്യവസ്ഥയോടെയാണ് കരാര്‍ നല്‍കിയിട്ടുളളത്.