'എന്റെ ഭൂമി'ക്ക് നാളെ തുടക്കം, രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം
ഭൂമി സംബന്ധമായ സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള സര്‍ക്കാര്‍ ആരംഭിച്ച 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ലഭിക്കും. വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഭൂമി ഇടപാടുകളില്‍ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കാനാകും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണ സംരക്ഷണം ലഭിക്കും.
കാസര്‍കോട് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. ഭൂരേഖാവിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. എന്റെ ഭൂമി ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാര്‍സലുകളിലായി 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വെ ഇതിനോടകം പൂര്‍ത്തിയായി.