മൂന്നാം ഘട്ട ലോക്ക്‌ഡൌണ്‍ നിങ്ങളെ എങ്ങനെ ബാധിക്കും, എന്തൊക്കെ ഇളവുകള്‍ ലഭിക്കും?

Update: 2020-05-02 10:43 GMT

രാജ്യത്ത് മൂന്നാം ഘട്ടലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് കുറെയേറെ ഇളവുകളും അതേപോലെ നിയന്ത്രണങ്ങളും വന്നിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ചിരുന്ന മെയ് 3 വരെയുള്ള ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി, അതായത് 17 വരെ നീട്ടുമെന്നാണ് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം സോണ്‍ പരിഗണിക്കാതെ, രാജ്യമെമ്പാടും പരിമിതമായ ചില പ്രവര്‍ത്തനങ്ങള്‍ ആണ് നിരോധിച്ചിരിക്കുന്നത്.

നിരോധനം എന്തിനെല്ലാം?

ഗതാഗത നിയന്ത്രണങ്ങളില്‍ വിമാന സര്‍വീസ്, റെയില്‍വേ, മെട്രോ സേവനങ്ങള്‍, റോഡ് വഴിയുള്ള അന്തര്‍ സംസ്ഥാന യാത്ര എന്നിവ പാടില്ല.

സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ, പരിശീലന / കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടണം

ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ പാടില്ല

സിനിമാ തീയേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവ അടച്ചിടണം

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പൊതുയോഗങ്ങള്‍ക്ക് വിലക്ക് തുടരും. മതപരമായ സ്ഥലങ്ങള്‍ / ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടണം

ഇളവുകള്‍ ലഭിച്ചവ

ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുമായി വായു, റെയില്‍, റോഡ് വഴി വ്യക്തികളുടെ ഗതാഗതം അനുവദനീയമാണ്. എന്നാല്‍ അനുവദീയമായ കാര്യങ്ങള്‍ രാവിലെ 7 മുതല്‍ രാവിലെ വൈകിട്ട് 7 വരെ മാത്രമാണ്. പ്രാദേശിക അധികാരികള്‍ക്ക് ഈ ആവശ്യത്തിനായി സിആര്‍പിസിയിലെ സെക്ഷന്‍ 144 പ്രകാരം നിരോധന ഉത്തരവുകള്‍ ധകര്‍ഫ്യൂപ പോലുള്ള ഉചിതമായ നിയമ വ്യവസ്ഥകള്‍ പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും കര്‍ശനമായ പാലിക്കല്‍ ഉറപ്പാക്കുകയും ചെയ്യാം.

ജനസഞ്ചാരത്തിനും നിയന്ത്രണം

നേരത്തെ തന്നെ പറഞ്ഞതുപോലെ എല്ലാ സോണുകളിലെയും 65 വയസ്സിനു മുകളിലുള്ള വ്യക്തികള്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ തുടരണം. ചികിത്സാ ആവശ്യങ്ങള്‍ക്കുമല്ലാതെ ഇവര്‍ പുറത്തിറങ്ങരുത്. ഔട്ട്-പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും (ഒപിഡി) മെഡിക്കല്‍ ക്ലിനിക്കുകള്‍ക്കും ചുവപ്പ്, ഓറഞ്ച്, ഹരിത മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്, സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളും മറ്റ് സുരക്ഷാ മുന്‍കരുതലുകളും ഇവിടെ പാലിക്കേണ്ടതാണ്.

റെഡ് സോണ്‍ നിയന്ത്രണങ്ങളും ഇളവുകളും

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള റെഡ് സോണുകളില്‍, രാജ്യമെമ്പാടും നിരോധിച്ചിരിക്കുന്നവയ്ക്ക് പുറമേ ചില പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

യാത്രാ നിയന്ത്രണങ്ങള്‍ ഈ സ്ഥലങ്ങളില്‍ കര്‍ശനമായി തുടരും. ഈ മേഖലകളില്‍ സൈക്കിള്‍ റിക്ഷകളും ഓട്ടോറിക്ഷകളും ഓടിക്കാന്‍ പാടില്ല. ടാക്‌സി, ക്യാബ് സര്‍വ്വീസുകള്‍ പാടില്ല. ബസ്സുകളുടെ അന്തര്‍-ജില്ല സര്‍വ്വീസ് അനുവദിക്കില്ല

ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍ എന്നിവ തുറക്കാന്‍ പാടില്ല

സ്വകാര്യ വാഹനങ്ങളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഫോര്‍ വീലര്‍ വാഹനങ്ങളില്‍ പരമാവധി 2 പേര്‍ (ഡ്രൈവറെ കൂടാതെ), ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം എന്നിങ്ങനെയാണ് യാത്രാ അനുമതി ഉള്ളത്.

നഗരപ്രദേശങ്ങളിലെ വ്യാവസായിക സ്ഥാപനങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്), കയറ്റുമതി ഓറിയന്റഡ് യൂണിറ്റുകള്‍ (ഇ.യു.കള്‍), വ്യാവസായിക എസ്റ്റേറ്റുകള്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്.

നഗരപ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്‍-സൈറ്റ് നിര്‍മ്മാണത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു (അവിടെ തൊഴിലാളികള്‍ സൈറ്റില്‍ ലഭ്യമാണ്, തൊഴിലാളികളെ പുറത്തു നിന്ന് കൊണ്ടുവരേണ്ട ആവശ്യമില്ല).

മാളുകളിലും മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് കോംപ്ലക്‌സുകളിലും നഗരപ്രദേശങ്ങളിലെ ഷോപ്പുകള്‍, അവശ്യവസ്തുക്കള്‍ക്ക് അല്ലാത്തവ അനുവദനീയമല്ല. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ ഷോപ്പുകള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഒറ്റപ്പെട്ട ചെറു സ്റ്റോറുകള്‍ എന്നിവ നഗരപ്രദേശങ്ങളില്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്.

ബാറുകളും ബീവറേജസ് ഷോപ്പുകളും തുറക്കേണ്ട

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ബസ് സര്‍വീസ് പുനരാരംഭിക്കില്ല. ഗ്രീന്‍ സോണുകളിലും സര്‍വീസ് നടത്തേണ്ടെന്നാണ് തീരുമാനം. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കില്ല. ബാറുകളും ബീവറേജസ് ഷോപ്പുകളും തുറക്കേണ്ടെന്നും തീരുമാനിച്ചു. രോഗ വ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

കേന്ദ്രം മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ക്ക് നിരോധനം തുടരുകയും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ചെയ്താല്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ എത്താന്‍ സാധ്യതയുണ്ട്. ഇത് സാഹചര്യം വഷളാക്കിയേക്കാം. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ബിവറേജസുകളും തുറക്കേണ്ട എന്ന് തീരുമാനിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News