സര്‍ക്കാര്‍ നയം കാറ്റില്‍പ്പറത്തി നോക്കുകൂലി സമരം സംരംഭകന്റെ വീട്ടുപടിക്കലേക്ക്
സംസ്ഥാനത്തെ ബിസിനസ് സൗഹൃദമാക്കി മാറ്റാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ നോക്കുകൂലി സമരങ്ങളുമായി സംരംഭ കേരളത്തെ പിന്നോട്ടടിപ്പിക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. ഇപ്പോള്‍ കണ്ണൂര്‍ മാടായിയിലെ ശ്രീപോര്‍ക്കലി സ്റ്റീലിന് മുന്നില്‍ 155 ദിവസത്തോളമായി തുടരുന്ന നോക്കുകൂലി സമരം സംരംഭകന്റെ വീട്ടുപടിക്കലേക്ക് വരെ എത്തിനില്‍ക്കുകയാണ്
കേരളത്തെ ബിസിനസ് സൗഹൃദമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വേഗം പകരുമ്പോഴും തിരിച്ചടിയായി നോക്കുകൂലി സമരങ്ങള്‍. തൊഴില്‍ നിഷേധമെന്ന പേരില്‍ കണ്ണൂര്‍ മാടായിയിലെ ശീപോര്‍ക്കലി സ്റ്റീലിന് മുന്നില്‍ 155 ദിവസത്തോളമായി തുടരുന്ന നോക്കുകൂലി സമരം സംരംഭകന്റെ വീട്ടുപടിക്കലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൊഴിലാളി യൂണിയന്‍. ഇതുസംബന്ധിച്ച തീരുമാനം ചുമട്ടുതൊഴിലാളി സംയുക്ത സമര സമിതി യോഗം കഴിഞ്ഞദിവസം കൈക്കൊണ്ടിരുന്നു. വയനാട് കല്‍പ്പറ്റയില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നിലെ സമരം ചര്‍ച്ചയാകുന്നതിനിടെയാണ് മാടായിയില്‍ ലാലുവിന്റെ ഉടമസ്ഥതയിലുള്ള ശീപോര്‍ക്കലി സ്റ്റീലിന് മുന്നിലുള്ള സമരം സംരംഭകന്റെ വീട്ടുപടിക്കലേക്കും വ്യാപിപ്പിക്കാനുള്ള നീക്കവുമായി യൂണിയന്‍ തൊഴിലാളികള്‍ മുന്നോട്ടുപോകുന്നത്. ഈ മാസം 18ന് രാവിലെ പത്തിന് ലാലുവിന്റെ വെള്ളൂരിലുള്ള വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്താനാണ് തൊഴിലാളി യൂണിയന്റെ തീരുമാനം.