മലയാള സിനിമ ഐ.സി.യുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക്! വരവ് ₹300 കോടി, നഷ്ടം ₹700 കോടി! അവസ്ഥ അതിഭീകരം

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ 30 ചിത്രങ്ങളില്‍ താഴെ മാത്രമാണ് മുടക്കമുതല്‍ തിരിച്ചുപിടിച്ചതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു

Update:2024-12-30 12:40 IST

image credit : canva

മലയാള സിനിമയുടെ തിരിച്ചുവരവിന്റെ വര്‍ഷമാകും 2024 എന്നായിരുന്നു പൊതുധാരണ. ഒ.ടി.ടി വരുമാനം കുത്തനെ ഉയര്‍ന്നതും വിദേശ രാജ്യങ്ങളില്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതുമായിരുന്നു ഇതിന് കാരണമായി പറയപ്പെട്ടത്. എന്നാല്‍ വര്‍ഷം അവസാനിക്കുമ്പോള്‍ ഐ.സി.യുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക് എന്ന അവസ്ഥയിലാണ് മലയാള സിനിമ. കാര്യമായ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ഒരു വ്യവസായം കൂടി അസ്തമിച്ചേക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ചെലവ് 1,000 കോടിയിലധികം

ഈ വര്‍ഷം പുറത്തിറങ്ങിയ 220നടുത്ത് ചിത്രങ്ങള്‍ക്കായി ഇതുവരെ മുടക്കിയത് 1,000 കോടി രൂപയ്ക്ക് മുകളിലാണ്. ചിത്രങ്ങളുടെ ബജറ്റില്‍ 15-20 ശതമാനം വര്‍ധന മുന്‍വര്‍ഷത്തേക്കാള്‍ വേണ്ടിവന്നതായി നിര്‍മാതാക്കള്‍ പറയുന്നു. താരങ്ങളുടെ പ്രതിഫലത്തിലേക്കാണ് കൂടിയ ചെലവിന്റെ സിംഹഭാഗവും പോയത്. വര്‍ഷങ്ങളായി ഹിറ്റുകളില്ലാത്ത യുവനടന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയ പ്രതിഫലമാണ് ഈ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം ഈ നടന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതിന്റെയും ഒ.ടി.ടി റൈറ്റ്‌സ് പോലും വിറ്റുപോയില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
ഇതുവരെ പുറത്തിറങ്ങിയതില്‍ 30ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാക്കള്‍ക്ക് ലാഭം സമ്മാനിച്ചത്. വരുമാന സ്‌ത്രോസുകള്‍ കുറയുന്നതാണ് സിനിമയെ പ്രതിസന്ധിയിലാക്കുന്നത്. ഒ.ടി.ടി, സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റ്‌സ് വില്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 40 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്. നിര്‍മാണ ചെലവിനേക്കാള്‍ ലാഭത്തില്‍ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയ അവസ്ഥ ഇന്ന് ഓര്‍മ മാത്രമാണ്. തീയറ്ററുകളില്‍ നിന്ന് മാത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥയിലേക്ക് മലയാള സിനിമ എത്തപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ സ്റ്റാര്‍ ട്രെന്റ് മാറുന്നു

സൂപ്പര്‍താര ചിത്രങ്ങള്‍ തീയറ്ററുകള്‍ കീഴടക്കിയിരുന്ന കാലത്തിന് മാറ്റം വരുന്നതാണ് 2024 സാക്ഷ്യം വഹിച്ചത്. മഞ്ഞുമ്മേല്‍ ബോയ്‌സ്, ആവേശം, പ്രേമലു തുടങ്ങി സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിലൊന്നും പേരുകേട്ട നായകന്മാരുടെ സാന്നിധ്യമില്ലായിരുന്നു. എന്നിട്ടും സിനിമ ഹിറ്റായി. ഇതിനു കാരണം കണ്ടന്റ് ആണെന്നാണ് സിനിമ നിരൂപകരുടെ വിലയിരുത്തല്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, നിവിന്‍പോളി അടക്കം മുന്‍നിര നായകരുടെ ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. മമ്മൂട്ടി ചിത്രങ്ങള്‍ ശരാശരി കളക്ഷന്‍ നേടിയെങ്കിലും മോഹന്‍ലാലിന് വരണ്ട വര്‍ഷമാണ് കടന്നുപോകുന്നത്.
തീയറ്ററിലേക്ക് പ്രേക്ഷകര്‍ തിരിച്ചെത്തുന്നുവെന്ന പ്രതീക്ഷ സിനിമ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ അടക്കം സെലക്ടീവായി മാത്രം സിനിമ കാണുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നതിനാണ് 2024 സാക്ഷ്യം വഹിക്കുന്നത്. സിനിമ കാണുന്നതിനുള്ള ചെലവ് കൂടിയതും പ്രേക്ഷകരെ തീയറ്ററില്‍ നിന്ന് അകറ്റുന്നു.
Tags:    

Similar News