മലയാളി ഡോക്ടര്‍ മധ്യപ്രദേശിലെ കോവിഡ് യുദ്ധമുഖത്ത് ഒറ്റയാള്‍ പോരാട്ടത്തില്‍
ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് മധ്യപ്രദേശിലെ കോവിഡ് യുദ്ധമുഖത്ത് ഡോ. റിഷി ജോര്‍ജ്
മധ്യപ്രദേശില്‍ ഭോപ്പാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഹോഷംഗബാദിലോ ബുധിനിയിലോ ഇറ്റാര്‍സിയിലോ ഉള്ള ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ നടുവില്‍ ഒരു മലയാളി ഡോക്ടര്‍ ഇപ്പോള്‍ വിശ്രമമില്ലാതെ സേവനം ചെയ്യുന്നുണ്ടാകും; കൊച്ചിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് മൂന്നുവയസുള്ള മകനും ഭാര്യയുമടങ്ങുന്ന കുടുംബത്തെ നാട്ടില്‍ തനിച്ചാക്കി ഏപ്രില്‍ 27ന് മധ്യപ്രദേശിലെ കോവിഡ് യുദ്ധമുഖത്തേക്ക് പോയ ഡോ. റിഷി ജോര്‍ജ്.
വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എം ഡി ഡോക്ടര്‍മാരെ കിട്ടാനെയില്ലാത്ത സാഹചര്യത്തിലാണ് ഡോ. റിഷി ജോര്‍ജ് മധ്യപ്രദേശിലേക്ക് സ്വയം സേവന സന്നദ്ധനായി പോയത്. ''റിഷി മധ്യപ്രദേശിലേക്ക് പോകാന്‍ തീരുമാനമെടുത്തപ്പോള്‍ ഞാനാകെ ആശങ്കയിലായി. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഒരു ഡോക്ടര്‍ എന്ന നിലയില്‍ സേവനം ചെയ്യാനാവുകയെന്നാണ് റിഷി അപ്പോള്‍ എന്നോട് ചോദിച്ചത്,'' ഡോ. റിഷി ജോര്‍ജിന്റെ ഭാര്യ യൂഫി. കെ പോള്‍ പറയുന്നു.
കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. റിഷി ജോര്‍ജ് കോവിഡ് വ്യാപനം തുടങ്ങിയ നാള്‍ മുതല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നിരവധി വീഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇന്റേണല്‍ മെഡിസിനില്‍ എം ഡി ചെയ്തിട്ടുള്ള ഡോ. റിഷി ജോര്‍ജ് സിഎംസി വെല്ലൂരിലാണ് ഡയബറ്റോളജി ഫെലോഷിപ്പ് ചെയ്തത്. പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ യുഎസ്എയിലെ ജോണ്‍ ഹോപ്കിന്‍സില്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശികളാണ് ഡോ. റിഷി ജോര്‍ജും യൂഫിയും. ഡോ. റിഷി ജോര്‍ജിന്റെ മാതാപിതാക്കള്‍ നാല് പതിറ്റാണ്ടായി മധ്യപ്രദേശില്‍ സ്‌കൂളുകള്‍ നടത്തുകയാണ്. ഭോപ്പാലിലും ഉള്‍പ്രദേശങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും എം ഡി ബിരുദമുള്ള ഡോക്ടര്‍മാരുടെ സേവനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവിടുത്തെ എം പിയും മന്ത്രിമാരുമാണ് ഡോ. റിഷി ജോര്‍ജിന്റെ മാതാപിതാക്കളായ ഡോ. കെ എം ജോര്‍ജിന്റെയും ഗ്രേസ് ജോര്‍ജിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്. ഗുരുതരാവസ്ഥ മനസ്സിലാക്കി അവര്‍ സ്വന്തം മകനെ കോവിഡ് യുദ്ധമുഖത്തേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു. ''അവിടുത്തെ സ്ഥിതി നമുക്ക് ഊഹിക്കാന്‍ പോലുമാകില്ല.
രാത്രി പത്തിന് ശേഷം ജോലിത്തിരക്ക് കുറച്ചൊതുങ്ങുമ്പോള്‍ റിഷി ഫോണ്‍ വിളിക്കാറുണ്ട്. ഓക്‌സിജന്‍ കിട്ടാതെ, കിടക്ക കിട്ടാതെ ആശുപത്രി വരാന്തയിലും ആശുപത്രിക്ക് പുറത്തും വാഹനങ്ങളിലും കോവിഡ് ബാധിതര്‍ മരിച്ചുവീഴുന്നു. രോഗികളെ നോക്കി മരുന്ന് എഴുതാന്‍ പോലും സമയമില്ല. അതുകൊണ്ട് നല്‍കാനാകുന്ന മരുന്നുകളുടെ പ്രിന്റൗട്ടുകള്‍ എടുത്ത് കൈയില്‍ വെച്ച്, രോഗിയുടെ നില പരിശോധിച്ച് മരുന്നുകള്‍ ടിക്ക് ചെയ്തുകൊടുക്കുകയാണ്. രോഗിയായ അമ്മയെ ഒരു നോക്ക് കാണാന്‍ ആശുപത്രി വരാന്തയില്‍ തനിച്ചെത്തിയ ഒരു കുരുന്ന് ബാലന്‍ അലറി കരയുന്നതും അവനെ കാണാതെ അവന്റെ അമ്മ മരിച്ചതടക്കമുള്ള സംഭവങ്ങള്‍ റിഷി പറയുമ്പോള്‍ മനസ്സിലാകും ആ നാട്ടിലെ ഗുരുതരാവസ്ഥ,'' യൂഫി പറയുന്നു.
ഭോപ്പാലില്‍ മാതാപിതാക്കളുണ്ടെങ്കിലും ഡോ. റിഷി താമസിക്കുന്നത് ഏതെങ്കിലും ആശുപത്രിയിലെ ഒരു മുറിയിലാകും. കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രികളില്‍ ഓരോന്നിലും കയറിയിറങ്ങിയാണ് അദ്ദേഹം രോഗികളെ പരിചരിക്കുന്നത്.
സേവനസന്നദ്ധനായി സ്വയം കടന്നുചെന്ന ഡോ. റിഷി സര്‍ക്കാരില്‍ നിന്നോ മറ്റെവിടെ നിന്നോ അതിന് വേതനം സ്വീകരിക്കുന്നുമില്ല. കൊച്ചിയില്‍ നല്ലൊരു ആശുപത്രി സ്വന്തമായി കെട്ടിപ്പടുക്കുക എന്ന സ്വപ്‌നവും ഡോ. റിഷി ജോര്‍ജിനുണ്ട്. യു കെയില്‍ നിന്ന് എംബിഎ ബിരുദമെടുത്ത, മോണ്ടിസോറി രംഗത്ത് പരിചയസമ്പത്തുള്ള യൂഫി കെ പോള്‍ കാക്കനാട്ട് ലിറ്റില്‍ ബ്രിട്ടണ്‍ എന്ന പ്രീ സ്‌കൂളും നടത്തുന്നുണ്ട്.