മുംബൈയില്‍ 41 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി മണപ്പുറം എം.ഡി വി.പി നന്ദകുമാര്‍
മണപ്പുറം കുടുംബം മുംബൈയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണിത്
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. 41.25 കോടി രൂപ മുടക്കിയാണ് കടലിന് അഭിമുഖമായി നില്‍ക്കുന്ന അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. 4,500 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ആഡംബര ഭവനം.
വെസ്റ്റ് ബാന്ദ്രയിലെ പ്രൈം കാര്‍ട്ടര്‍ റോഡിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. അതിസമ്പന്നരായ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായ നോബ്രോക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇടപാട് സാധ്യമാക്കിയത്.
സ്റ്റാമ്പ് ഡ്യൂട്ടി 2.3 കോടി രൂപ
'മണികണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 2.3 കോടി രൂപയാണ്. ഏപ്രിലില്‍ ഇടപാട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. രഹേജ ഡെവലപ്പേഴ്‌സില്‍ നിന്നാണ് വി.പി. നന്ദകുമാര്‍ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
മണപ്പുറം കുടുംബം മുംബൈയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. മുംബൈയിലെ ബിസിനസ് കൈകാര്യം ചെയ്യുന്ന മകന് താമസിക്കാനാണ് നന്ദകുമാര്‍ ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
17,649 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് മണപ്പുറം ഫിനാന്‍സ്. രാജ്യത്തുടനീളം ശാഖകളുള്ള കമ്പനിയുടെ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വരുമാനം 8,848 കോടി രൂപയാണ്. അറ്റലാഭം 2,197 കോടി രൂപയും.