പ്രവാസി യാത്രക്കാര്‍ തന്നെ യാത്രാ ചെലവ് വഹിക്കണം; വിദേശത്തു നിന്നെത്തുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

Update: 2020-05-06 04:30 GMT

പ്രവാസി ഇ്ന്ത്യക്കാരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചത് പ്രകാരം മെയ് 7 മുതല്‍ 13 വരെയുള്ള കാലയളവിനുള്ളില്‍ എയര്‍ ഇന്ത്യയുടെ 64 വിമാനങ്ങളിലായി 15000 ഇന്ത്യക്കാരാണ് ഇന്ത്യയില്‍ മടങ്ങിയെത്തുക. മുന്‍ഗണനാ ക്രമത്തിലായിരിക്കും കോവിഡ് 19 ഇല്ല എന്നു പരിശോധന ഫലത്തിലൂടെ തെളിഞ്ഞവര്‍ക്ക് തിരികെ എത്താനാകുക.

മുന്‍ഗണനാ ക്രമം ഇങ്ങനെ

രോഗം ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവര്‍, ഹ്രസ്വകാല വിസകളുടെ കാലാവധി നേരിടുന്ന ആളുകള്‍, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, ഗര്‍ഭിണികള്‍, പ്രായമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും മരണം എന്നിങ്ങനെയുള്ളവര്‍ക്കാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ മുന്‍ഗണന ലഭിക്കുക. ദുരിതമനുഭവിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായവരുടെ പട്ടിക തയ്യാറാക്കി വരികയാണ് ഇന്ത്യന്‍ എംബസികളും ഇന്ത്യന്‍ ഹൈക്കമ്മീഷനുകളും.

കേന്ദ്ര വ്യോമയാന മന്ത്രാലയം ഒരുക്കുന്ന നോണ്‍ കമേഴ്‌സ്യല്‍ വിമാനങ്ങളിലോ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളിലോ ആകും പ്രവാസികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക. എന്നാല്‍ യാത്രാച്ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുമ്പായി ഈ തുക നല്‍കുകയും വേണം. വിമാനത്തിലേയും കപ്പലിലേയും ജീവനക്കാര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കണം. കൂടാതെ വിമാനങ്ങളിലെയും കപ്പലുകളിലെയും യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ യാത്രാ തീയതിക്ക് രണ്ടു ദിവസം മുന്‍പുതന്നെ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കണം.

യാത്ര ചെയ്യും മുമ്പും യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യും.

14 ദിന ക്വാറന്റീന്‍

വിദേശത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. കപ്പലിലോ, വിമാനത്തിലോ ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്വത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള എല്ലാത്തരം മാനദണ്ഡങ്ങളും യാത്രക്കാര്‍ കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണം, കൈകളുടെ ശുചിത്വം പാലിക്കണം എന്നീ കാര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.

ആരോഗ്യ സേതു

വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ബന്ധമാണ്. അതിര്‍ത്തികള്‍ വഴി എത്തുന്ന യാത്രക്കാരും ഇതേ മാനദണ്ഡങ്ങള്‍ പാലിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സ്‌ക്രീനിംഗിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

https://twitter.com/PIBHomeAffairs/status/1257663888285458435

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News