30 കിലോമീറ്ററില്‍ കൊച്ചി മോഡല്‍ വാട്ടര്‍ മെട്രോ! മോദിയുടെ ഗുജറാത്തിലല്ല, കേരളത്തിന്റെ തൊട്ടടുത്ത്

ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചും കൊച്ചി വാട്ടര്‍ മെട്രോ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു

Update:2024-11-04 17:48 IST
കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ കര്‍ണാടകയിലെ മംഗളൂരുവിലും സര്‍വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തിലുള്ള വാട്ടര്‍ മെട്രോ പദ്ധതിക്കായി ഡി.പി.ആര്‍ തയ്യാറാക്കാന്‍ കര്‍ണാടക മാരിടൈം ബോര്‍ഡ് തീരുമാനിച്ചു. വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം നടത്തുമെന്ന് ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കൊച്ചി മാതൃകയില്‍ വാട്ടര്‍ മെട്രോ

ദേശീയ ജലപാത 74, ദേശീയ ജലപാത 43 എന്നിവ വഴിയാകും മെട്രോ സര്‍വീസ് നടത്തുക. നേത്രാവതി-ഗുരുപുര നദിയില്‍ കൂടിയുള്ള 30 കിലോമീറ്റര്‍ ദൂരത്തിലെ ആദ്യ ഘട്ടമാകും തുടക്കത്തില്‍ പൂര്‍ത്തീകരിക്കുക. നേത്രാവതി നദിയിലെ ബജലില്‍ (Bajal) നിന്നും തുടങ്ങി ഗുരുപുര നദിയിലെ മരവൂര്‍ ബ്രിഡ്ജില്‍ അവസാനിക്കുന്ന രീതിയിലാണ് ഒന്നാം ഘട്ടം. കൊച്ചിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാട്ടര്‍ മെട്രോ സംവിധാനം രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് കര്‍ണാടക മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ആദ്യം പഠനം

മംഗളൂരു മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക മാരിടൈം ബോര്‍ഡ്. പദ്ധതിക്ക് ചെലവാകുന്ന തുക, പദ്ധതി കൊണ്ടുള്ള ഗുണങ്ങള്‍, വെല്ലുവിളികള്‍, പദ്ധതിയുടെ ഘടന, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മെട്രോ സ്‌റ്റേഷനുകള്‍, ഏത് തരം യാനങ്ങളാണ് ഉപയോഗിക്കേണ്ടത്, ടിക്കറ്റ് നിരക്ക് എത്രയാകണം, ഭൂമി ലഭ്യത തുടങ്ങിയ കാരണങ്ങളാണ് പരിശോധിക്കുന്നത്. സര്‍വീസ് തുടങ്ങിയാല്‍ എത്ര യാത്രക്കാര്‍ മെട്രോ ഉപയോഗിക്കുമെന്ന കാര്യവും പരിശോധിക്കും. മംഗളൂരുവിലെ പഴയ എയര്‍പോര്‍ട്ട് ഭാഗത്തെ തിരക്ക് കുറയ്ക്കാന്‍ ചരക്ക് നീക്കത്തിന് റോ-റോ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ സാധ്യതയും ആരായും. 25 വര്‍ഷത്തേക്കുള്ള ആവശ്യകത കൂടി പരിഗണിച്ചാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.

അഭിമാനമായി കൊച്ചി വാട്ടര്‍ മെട്രോ

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ കഴിഞ്ഞ ഏപ്രിലിലാണ് സര്‍വീസ് തുടങ്ങിയത്. 78 ബോട്ടുകളും 38 വാട്ടര്‍ ടെര്‍മിനലുകളുമാണ് പദ്ധതിയിലുള്ളത്. 10 ദ്വീപുകളിലായി 76 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്താന്‍ കഴിയും. നിലവില്‍ 10 ടെര്‍മിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം യാത്രക്കാരെ യാത്രക്കാരെ ഉള്‍ക്കൊള്ളിച്ച് കൊച്ചി വാട്ടര്‍ മെട്രോ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സുരക്ഷിതവും പോക്കറ്റിലൊതുങ്ങുന്നതുമായ എയര്‍ കണ്ടീഷന്‍ഡ് യാത്രയാണ് കൊച്ചി മെട്രോയുടെ മുഖമുദ്ര. കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ നേരത്തെ തന്നെ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങിയിരുന്നു. അടുത്ത് തന്നെ ഗുജറാത്തിലെ സൂറത്തിലും വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
Tags:    

Similar News