ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 26

Update: 2019-09-26 04:42 GMT

1. സംസ്ഥാനത്തു നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കും

മരടിലെ നടപടികളുടെ പഞ്ചാത്തലത്തില്‍ സംസ്ഥാനത്തു നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ചട്ടം ലംഘിച്ച 1800 കെട്ടിടങ്ങള്‍ നിലവിലുണ്ടെന്നാണ് കണക്ക്.

2. സമൂഹമാധ്യമങ്ങളിലേത് തെറ്റായ വാര്‍ത്ത; ഒരു ബാങ്കും പൂട്ടില്ല

രാജ്യത്തെ ഒരു ബാങ്കും അടച്ചു പൂട്ടാന്‍ ആലോചനയില്ലെന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാറും റിസര്‍വ് ബാങ്കും വ്യക്തമാക്കി. ഒന്‍പതു ബാങ്കുകള്‍ അടച്ചു പൂട്ടലിന്റെ പാതയിലെന്ന സമൂഹമാധ്യമങ്ങളിലെ വാര്‍ത്ത തെറ്റെന്നും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

3. ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി

ഈ വര്‍ഷത്തെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയില്‍ മുകേഷ് അംബാനി ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ ഒന്നാമനായി. റിപ്പോര്‍ട്ട് പ്രകാരം 3,80,700(3.80 ലക്ഷം കോടി) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

4. സൗദി അരാംകോ തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരവിന്റെ പാതയില്‍

ഡ്രോണ്‍ ആക്രമണം കാരണം സൗദി അരാംകോയില്‍ തടസപ്പെട്ട എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും ചൊവ്വാഴ്ചയോടെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ ഉത്പാദനം പഴയപടിയാക്കാനാവുമെന്നാണ് അരാംകോ അധികൃതരുടെ പ്രതീക്ഷ.

5. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇനി ഇല്ല

ഏതാനും വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന സംസ്ഥാന വ്യാപാര മേളയായ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ തീരുമാനം. വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും 25 കോടി രൂപ ചെലവഴിച്ചു നടത്തുന്ന മേളയുടെ പ്രയോജനം സംസ്ഥാനത്തിനു ലഭിക്കുന്നില്ലെന്നതുമാണ് കാരണം.

Similar News