ആസ്തി 47,500 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ധനിക വനിതയായി ചെന്നൈക്കാരി രാധ വെമ്പു

ആഗോള സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോ കോർപ്പറേഷൻ്റെ സഹസ്ഥാപകയും സി.ഇ.ഒമാണ് രാധാ വെമ്പു

Update:2024-09-02 11:11 IST

Image Courtesy: zohocorp.com

ശ്രദ്ധേയരായ സംരംഭകരെ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. മുകേഷ് അംബാനിയുടേയും ഗൗതം അദാനിയുടേയും ഓരോ വാര്‍ത്തകളും കൗതുകത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം എല്ലായ്പ്പോഴും വീക്ഷിക്കുന്നത്. നിശ്ചയദാർഢ്യത്തിലൂടെയും സ്വയം നവീകരണത്തിലൂടെയും ഒട്ടേറെ വ്യക്തികളാണ് ബിസിനസ് ലോകത്ത് വെന്നിക്കൊടി പാറിക്കുന്നത്.

ഹുറൂൺ പട്ടികയിലെ ധനികയായ വനിത

47,500 കോടി രൂപയുടെ അമ്പരപ്പിക്കുന്ന ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികയായ സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സോഹോ കോർപ്പറേഷന്റെ സഹ സ്ഥാപകയായ രാധ വെമ്പു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടിക ഓഗസ്റ്റ് 30 നാണ് ഹുറൂൺ ഇന്ത്യ പുറത്തുവിടുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന സംരംഭകരുടെ ഒരു നീണ്ട നിരയാണ് ഈ പട്ടികയിലുളളത്. രാജ്യത്തെ വനിതകളും സംരംഭകത്വ മേഖലയിലും വൻ കുതിച്ചുചാട്ടം നടത്തുന്നതായി പട്ടിക വ്യക്തമാക്കുന്നു.
നൈകയുടെ ഫാൽഗുനി നയ്യാർ, അരിസ്റ്റ നെറ്റ്‌വർക്കിന്റെ ജയശ്രീ ഉള്ളാൽ, ബയോകോണിന്റെ കിരൺ മജുംദാർ ഷാ തുടങ്ങിയവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇവരെയല്ലാം പിന്തളളികൊണ്ടാണ് രാധ പട്ടികയില്‍ മുന്നില്‍ എത്തിയിട്ടുളളത്.
വെബ് അധിഷ്‌ഠിത ബിസിനസ് സോഫ്‌റ്റ്‌ വെയര്‍ വികസിപ്പിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയാണ് ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷൻ. കമ്പനിയുടെ സഹസ്ഥാപകയും സി.ഇ.ഒയുമാണ് രാധാ വെമ്പു.
സ്കൂള്‍ വിദ്യാഭ്യാസം
പടിപടിയായി ബിസിനസ് ലോകത്തിന്റെ അത്യുന്നതങ്ങള്‍ കീഴടക്കിയ രാധ വെമ്പുവിന്റെ വിജയ യാത്ര ആര്‍ക്കും പ്രചോദനം നൽകുന്നതാണ്. 1972 ൽ ചെന്നൈയിലാണ് രാധയുടെ ജനനം. ചെന്നൈയിലെ നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അവര്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടര്‍ന്ന് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐ.ഐ.ടി) നിന്ന് ഇൻഡസ്ട്രിയൽ മാനേജ്‌മെന്റിൽ ബിരുദം കരസ്ഥമാക്കി.
സഹോദരൻ ശ്രീധർ വെമ്പുവിനൊപ്പം ചേര്‍ന്ന് 1996 ലാണ് അവർ സോഹോ കോർപ്പറേഷൻ സ്ഥാപിക്കുന്നത്. പിന്നീട് സോഫ്റ്റ് വെയർ വ്യവസായത്തിലെ ആഗോള ശക്തിയായി കമ്പനി വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സോഹോയ്ക്കുളളത്.
ബിസിനസില്‍ ഉൽപ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന അനേകം സോഫ്റ്റ് വെയറുകളുടെ സമഗ്രമായ ശേഖരമാണ് സോഹോ വാഗ്ദാനം ചെയ്യുന്നത്. കമ്പനിയിൽ സുപ്രധാനമായ പങ്കാണ് രാധ വഹിക്കുന്നത്. സോഹോയിൽ ഭൂരിഭാഗം ഓഹരികളും അവരുടെ പേരിലാണ്. കമ്പനിയുടെ മുൻനിര ഉൽപ്പന്നങ്ങളിലൊന്നായ സോഹോ മെയിലിന്റെ പ്രൊഡക്‌ട് മാനേജരും രാധയാണ്.
രാധ വെമ്പുവിന്റെ നേതൃത്വത്തിൽ കമ്പനി ചെറിയ കമ്പനികള്‍ മുതല്‍ വന്‍ കിട ബിസിനസുകളുടെ വരെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള സോഫ്റ്റ്‌വെയർ ഉല്‍പ്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. മികവിനോടുള്ള ഈ സമർപ്പണം സോഹോയ്ക്ക് വിശ്വസ്തമായ ഉപഭോക്തൃ അടിത്തറയും സാങ്കേതിക വ്യവസായത്തിൽ നിരവധി അംഗീകാരങ്ങളും നേടിക്കൊടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം

ഇന്ത്യയിലെ വിദ്യാഭ്യാസ-ആരോഗ്യ പരിപാലനത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള ജീവകാരുണ്യ സംരംഭമായ കോർപ്പസ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയാണ് രാധ. ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും താഴ്ന്ന സമൂഹങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഒട്ടേറെ സംരംഭങ്ങളാണ് കോർപ്പസ് ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്.

സമൂഹത്തിന് തന്റെ വിജയത്തിന്റെ ഒരു പങ്ക് തിരികെ നൽകാനുള്ള രാധയുടെ പ്രതിബദ്ധത, നന്മ ചെയ്യാനും സമൂഹത്തിന് തിരിച്ചു നൽകാനുമുള്ള അവരുടെ സഹജമായ സന്നദ്ധതയ്ക്ക് ഉദാഹരണമാണ്. രാധയുടെ വിജയഗാഥ എല്ലാ വളർന്നുവരുന്ന സംരംഭകർക്കും, പ്രത്യേകിച്ച് ബിസിനസ്സ് ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് വലിയ പ്രചോദനമാണ്.

ചെന്നൈയിലെ ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് ഒരു ആഗോള ടെക് കമ്പനിയുടെ അമരത്തിലേക്കുള്ള രാധ വെമ്പുവിന്റെ യാത്ര സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്.
Tags:    

Similar News