ഏറ്റവും ഫലപ്രദമായ മാസ്‌ക് ഡിസൈന്‍ ചെയ്തതായി മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്

Update: 2020-07-22 05:49 GMT

കോവിഡ് പ്രതിരോധത്തിന് വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷകരമാകുമെന്ന മുന്നറിയിപ്പിനു പിന്നാലെ ഏറെ ഫലപ്രദമായ മുഖമുറ ഡിസൈന്‍ ചെയ്തതായി അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും ബ്രിഗ്ഹാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലേയും ഗവേഷകര്‍ അറിയിച്ചു.കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കുമ്പോള്‍ ഇത്തരം മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പ്രതിരോധം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍.

എന്‍ 95 മാസ്‌കുകള്‍ അഞ്ചു തവണയില്‍ കൂടുതല്‍ ധരിക്കാന്‍ പാടില്ലെന്നാണ് അമേരിക്കയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍ പുതുതായി ഡിസൈന്‍ ചെയ്ത മാസ്‌ക് എളുപ്പത്തില്‍ അണുവിമുക്തമാക്കാമെന്നതിനാല്‍ എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാമെന്ന ഗുണമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.എളുപ്പത്തില്‍ ഫാക്ടറികളില്‍ നിര്‍മിക്കാവുന്ന സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് പുതിയ മാസ്‌ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രണ്ട് എന്‍ 95 ഫില്‍റ്ററുകള്‍ ഘടിപ്പിക്കാനുള്ള സ്ഥലവും ഓരോ ഉപയോഗത്തിനു ശേഷവും അത് മാറ്റാനുള്ള സൗകര്യവുമുള്ള മാസ്‌ക് ആവശ്യത്തിന് അനുസരിച്ച് അണുവിമുക്തമാക്കാനാകും. 

വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറാന്‍ കഴിയുന്ന തരത്തിലായിരിക്കണം മാസ്‌കിന്റെ ഡിസൈന്‍ എന്ന കാര്യമാണ് ആദ്യം തന്നെ പ്രധാനമായും മുമ്പിലുണ്ടായിരുന്നതെന്ന് മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കല്‍ എന്‍ജിയറിംഗ് അസിസ്റ്റന്റ് പ്രൊഫസറും ബ്രിഗ്ഹാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎന്ററോളജിസ്റ്റുമായ ഗിയോവന്നി ട്രെവാര്‍സോ അറിയിച്ചു. പരമാവധി ഉപയോഗിക്കാനാവുന്നതായിരിക്കണമെന്നും പല രീതികളില്‍ അണുവിമുക്തമാക്കാനാകണമെന്നുമുള്ള കാര്യങ്ങളിലും നിര്‍ബന്ധമുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.

എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്ന് കണ്ടെത്തല്‍ പുറത്തുവന്നിരുന്നു. വാല്‍വിലൂടെ രോഗാണുക്കള്‍ പുറത്തേക്ക് കടക്കാന്‍ സാധ്യതയുണ്ട്.ഇതേത്തുടര്‍ന്നാണ് പൊതുജനങ്ങള്‍ വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമല്ലെന്ന് ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. സാധാരണ തുണി മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം. ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീടുകളില്‍ തന്നെ നിര്‍മ്മിക്കുന്ന തുണി മാസ്‌കുകളാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്ലത്.

തുണിയുടെ നിറം പ്രശ്‌നമല്ല. എല്ലാ ദിവസം കൃത്യമായി കഴുകി ഉണക്കി വേണം തുണിമാസ്‌കുകള്‍ ഉപയോഗിക്കാന്‍. മാസ്‌ക് നിര്‍മ്മിക്കുന്നിന് മുമ്പ് തുണി അഞ്ച് മിനുട്ട് നേരം തിളയ്ക്കുന്ന വെള്ളത്തിലിടണമെന്നും നന്നായി ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ നന്നായി വായയും മൂക്കും മറയുന്ന രീതിയില്‍ തന്നെ ഉപയോഗിക്കണമെന്നും വശങ്ങളില്‍ വിടവുണ്ടാതെ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. കുടുംബത്തിലെ ഓരോ ആളും പ്രത്യേകം മാസ്‌കുകള്‍ ഉപയോഗിക്കണമെന്നും ഒരു കാരണവശാലും മറ്റൊരാള്‍ ഉപയോഗിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News