സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കോണ്‍ക്ലേവ് കോഴിക്കോട് വരുന്നു: മൈ ബിസിനസ്, മൈ ഫ്യൂച്ചര്‍
വ്യത്യസ്ത മേഖലകളിലെ ബിസിനസുകാരുമായി ഇടപഴകാനും നിക്ഷേപകരെ കണ്ടെത്താനും വളര്‍ച്ചാ വഴികള്‍ കൃത്യമായി അറിയാനും സഹായിക്കും വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്ന മെഗാ ഇവന്റ് മെയ് 21, 22 തീയതികളില്‍
ഇന്നത്തെ കാലത്ത് വിജയകരമായി ബിസിനസ് നടത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ഒരിടത്ത് നിന്ന് ലഭിക്കും വിധം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബിസിനസ് കോണ്‍ക്ലേവ്, മൈ ബിസിനസ്, മൈ ഫ്യൂച്ചര്‍ മെയ് 21, 22 തീയതികളില്‍ കോഴിക്കോട് നടക്കും. റോട്ടറി ക്ലബ് ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇവന്റിന് വേദിയാകുന്നത് കാലിക്കറ്റ് ട്രേഡ് സെന്ററാണ്.
ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വ്യക്തമാക്കിത്തരുന്ന ബിസിനസ് പരിശീലന ക്ലാസ് മുതല്‍ വിഭിന്ന മേഖലകളിലെ ബിസിനസുകാരുമായി നെറ്റ്വര്‍ക്കിംഗ് നടത്താനും ബന്ധങ്ങള്‍ സ്ഥാപിക്കാനും പറ്റുന്ന സെഷനുകളും നിക്ഷേപകരിലേക്ക് നേരിട്ട് എത്താന്‍ പറ്റുന്ന വേദികളും ആവേശം കൊള്ളിക്കുന്ന സംഗീതവിരുന്നുമെല്ലാം അടങ്ങുന്ന പവര്‍ പാക്ക്ഡ് ബിസിനസ് കോണ്‍ക്ലേവായാണ് മൈ ബിസിനസ് മൈ ഫ്യൂച്ചര്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
''സംരംഭകര്‍ക്ക് വേണ്ടതെല്ലാം ഒരിടത്ത് ലഭ്യമാക്കുന്നതിനൊപ്പം നമ്മുടെ സമൂഹത്തില്‍ കൈത്താങ്ങ് വേണ്ടവരിലേക്ക് സഹായമെത്തിക്കുന്നതിനുള്ള വലിയൊരു ലക്ഷ്യവും മുന്നില്‍ വെച്ചാണ് ഇത്തരമൊരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്,'' റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി ചാപ്റ്റര്‍ പ്രസിഡന്റ് സവീഷ് കെ.വി. പറയുന്നു. മൈ ബിസിനസ് മൈ ഫ്യൂച്ചര്‍ ബിസിനസ് കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ ഇവയൊക്കെയാണ്:
റൗണ്ട് ടേബിള്‍ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ്
മറ്റ് നെറ്റ്‌വര്‍ക്കിംഗുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം മുഴുവന്‍ നീളുന്ന റൗണ്ട് ടേബിള്‍ നെറ്റ്‌വര്‍ക്കിംഗ് സെഷനാണ് നടക്കുക. ഒരു ടേബിളില്‍ ആറുപേര്‍ അടങ്ങുന്ന ഒരു ടീം. ഓരോരുത്തര്‍ക്കും ഓരോ അല്‍ഗോരിതം ടേബിള്‍ ഉണ്ടാകും. അതിലെ നമ്പര്‍ ഒന്നായാല്‍ അത്തരം ആറു പേര്‍ ഒരു ടേബിളില്‍ എത്തും. 20 മിനിറ്റ് കഴിഞ്ഞാല്‍ വീണ്ടും അടുത്ത ടേബിളില്‍ ആവര്‍ത്തന വിരസതയില്ലാതെ അവിടെ പുതിയ ആറുപേരെ പരിചയപ്പെടാം. അങ്ങനെ രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള വലിയ റൗണ്ട് ടേബിള്‍നെറ്റ്‌വര്‍ക്കിംഗ് വഴി നല്ല ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാക്കാം.
മെഗാ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ്
രണ്ടാം ദിനം കോണ്‍ക്ലേവില്‍ സംബന്ധിക്കുന്ന എല്ലാ ബിസിനസുകാരുമായി പരിചയപ്പെടാനും ബിസിനസ് കാര്‍ഡുകള്‍ കൈമാറാനും സഹായിക്കുന്ന നെറ്റ്‌വര്‍ക്കിംഗ് സെഷനാണിത്.
ബിസിനസിന്റെ ഉള്ളുകളികളറിയാന്‍ പാനല്‍ ചര്‍ച്ച
ബിസിനസില്‍ തെറ്റുകള്‍ പറ്റുന്നത് എപ്പോഴാണ്? എങ്ങനെ അത് തിരുത്താം? എങ്ങനെ വളരെ പ്രൊഫഷണലായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാം? എന്നിങ്ങനെ സാധാരണ സംരംഭകര്‍ക്കുള്ളിലുള്ള സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ പര്യാപ്തമായ പാനല്‍ ചര്‍ച്ചയും കോണ്‍ക്ലേവിലെ ആദ്യ ദിനം നടക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളായ ഫൈസല്‍ കൊട്ടിക്കോളന്‍, സെലിബ്രിറ്റി ഷെഫും സംരംഭകനുമായ ഷെഫ് സുരേഷ് പിള്ള, എല്‍.ഐ.സി എം.ഡി ദ്വരൈസ്വാമി, ആര്‍ജി ഗ്രൂപ്പ് സാരഥി അംബിക രമേശ്, കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സാരഥി വര്‍ദ്ധിനി പ്രകാശ്, ലേഖ ബാലചന്ദ്രന്‍, മുഹമ്മദ് റസല്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.
ഡോ. അനില്‍ ബാലചന്ദ്രന്‍ നയിക്കുന്ന ബിസിനസ് ട്രെയ്‌നിംഗ്
പ്രശസ്ത ബിസിനസ് ട്രെയ്‌നര്‍ ഡോ. അനില്‍ ബാലചന്ദ്രന്‍ നയിക്കുന്ന പരിശീലന പരിപാടിയാണ് കോണ്‍ക്ലേവിന്റെ ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണം. ബിസിനസ് അടുത്ത തലത്തിലേക്ക് വളര്‍ത്തുന്നതിനുള്ള തികച്ചും പ്രായോഗികമായ കാര്യങ്ങളാണ് ഡോ. അനില്‍ ബാലചന്ദ്രന്‍ വിശദീകരിക്കുന്നത്.
വായ്പകള്‍ എന്തൊക്കെ?
ബിസിനസ് വളര്‍ത്താന്‍ സര്‍ക്കാരുകള്‍ നല്‍കുന്ന വായ്പകള്‍, സബ്‌സിഡികള്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായ അവബോധമുണ്ടാക്കാന്‍ ഉപകരിക്കുന്ന പ്രത്യേക സെഷന്‍, ആദായനികുതി, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ജി.എസ്.ടി, എം.എസ്.എം.ഇ എന്നിങ്ങനെയുള്ള വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സെഷനില്‍ സംസാരിക്കും.
ബിസിനസുകളെ ഷോകേസ് ചെയ്യാം
കോണ്‍ക്ലേവിന്റെ ഭാഗമായി രണ്ട് ദിവസവും ബിസിനസ് എക്‌സ്‌പോയും നടക്കും. പ്രമുഖ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന ട്രേഡ് എക്‌സ്‌പോയില്‍ നൂറിലേറെ സ്റ്റാളുകളുണ്ടാകും. സംരംഭത്തെ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
റോട്ടറിയിലൂടെ സാമൂഹ്യ പ്രതിബദ്ധത
സംരംഭകര്‍ക്ക് ഒത്തുചേരാനും അറിവ് പങ്കുവെയ്ക്കാനുമുള്ള വേദിയായാണ് കോണ്‍ക്ലേവ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. കോണ്‍ക്ലേവ് നടത്തിപ്പില്‍ നിന്ന് ലഭിക്കുന്ന പണം റോട്ടറിയിലൂടെ ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്ക് ഡയാലിസിസ് യൂണിറ്റ് സൗജന്യമായി സജ്ജമാക്കി നല്‍കുന്നതിനും വിനിയോഗിക്കും. ഇതോടൊപ്പം മയക്കുമരുന്ന്, നിരോധിത രാസലഹരി എന്നിവയുടെ ഉപയോഗവും കടത്തുമെല്ലാം അതിവേഗം കണ്ടെത്തുന്നതിനുള്ള ആല്‍കോ സ്‌കാന്‍ വാനും പോലീസിന് വേണ്ടി വാങ്ങാന്‍ ആലോചനയുണ്ട്.
ആവേശം പകരാന്‍ സംഗീതം
കോണ്‍ക്ലേവിന്റെ ആദ്യദിനം രാത്രിയില്‍ പ്രശസ്ത ഗായിക സിത്താരയുടെ ബാന്‍ഡ് പ്രോജക്റ്റ് മലബാറിക്കസ് നയിക്കുന്ന മ്യൂസിക് ഷോ അരങ്ങേറും. രണ്ടാം ദിനം യുവതലമുറയുടെ ഹരമായ റാപ്പര്‍ ഡാബ്‌സി അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും ഡിജെ പാര്‍ട്ടിയും കോണ്‍ക്ലേവിനെ ആവേശത്തിലാക്കും.
കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ https://mybusinessmyfuture.com/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് - 62828 14506, 97784 65951, 95674 94397, 75580 27140.