നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം; അരി കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ
നീക്കം ഏഷ്യന്‍ വിപണിയില്‍ അരി വില കുറയ്ക്കാന്‍ സഹായിക്കും
ചില ഇനം അരിയുടെ കയറ്റുമതിയാണ് ഇന്ത്യ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബറിൽ പുതിയ വിളകൾ വിപണിയിൽ എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. നിശ്ചിത തീരുവയോടെ വെള്ള അരി കയറ്റുമതി അനുവദിക്കുന്ന കാര്യം അധികൃതരുടെ സജീവ പരിഗണനയിലാണ്. പുഴുങ്ങിയ അരി കയറ്റുമതിക്ക് 20 ശതമാനം നികുതി ഒഴിവാക്കാനും പകരം ഒരു നിശ്ചിത ലെവി ചുമത്താനും അധികൃതര്‍ക്ക് സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2023 മുതൽ അരിയിലെ പ്രധാന ഇനങ്ങളുടെ വിൽപ്പന നിയന്ത്രിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. ഇതിനെ തുടര്‍ന്ന് ജനുവരിയിൽ ഏഷ്യന്‍ വിപണിയില്‍ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കില്‍ അരിയുടെ വില നിലവാരം എത്തിയിരുന്നു. ഏഷ്യൻ വിപണിയില്‍ അരിയുടെ വില കുറയ്ക്കാൻ പുതിയ നീക്കങ്ങള്‍ സഹായകമാകും എന്നാണ് പ്രതീക്ഷ.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നീക്കം ഉപകാരപ്രദം
ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഭക്ഷണത്തിന്റെ ആവശ്യങ്ങളിൽ പ്രധാനമായും ആശ്രയിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലേയും ചില രാജ്യങ്ങൾക്ക് ഈ നീക്കം വളരെയധികം ഉപകാരപ്രദമായിരിക്കും. ഏപ്രിൽ ഒന്നിന് ആരംഭിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം അരി കയറ്റുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21% ഇടിഞ്ഞ് 2.9 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. ഇതേ കാലയളവിൽ ബസുമതി ഇതര അരിയുടെ കയറ്റുമതി 32 ശതമാനം ഇടിഞ്ഞ് 1.93 ദശലക്ഷം ടണ്ണായും മാറിയിരുന്നു.
പ്രതീക്ഷയില്‍ കര്‍ഷകര്‍
മൺസൂൺ ആരംഭിക്കുന്നതിനാൽ അടുത്ത വിളവെടുപ്പിനായി തങ്ങളുടെ പ്രധാന കൃഷികളില്‍ ഒന്നായി നെല്‍ കൃഷി വിതയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യൻ കർഷകർ. ജൂലൈയിലാണ് നടീൽ പ്രവര്‍ത്തനങ്ങള്‍ സജീവമാകുക, സെപ്റ്റംബർ അവസാനം മുതൽ വിളവെടുപ്പ് ആരംഭിക്കും.
14.8 ദശലക്ഷം ഏക്കറിലാണ് ഇക്കൊല്ലം കര്‍ഷകര്‍ വിളവിറക്കിയിരിക്കുന്നത്, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധികമാണെന്ന് കേന്ദ്ര കൃഷി മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ മഴക്കുറവിന് ശേഷം മൺസൂണ്‍ ജൂലൈയില്‍ സജീവമായത് ഇത്തവണ മികച്ച വിള ലഭിക്കാന്‍ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.