ജീവനക്കാരില്‍ 20000ത്തിലേറെ പേര്‍ക്ക് കോവിഡെന്ന് ആമസോണ്‍

Update: 2020-10-03 13:10 GMT

മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരേയും ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍. നിലവില്‍ അമേരിക്കയിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി കമ്പനി ഉറപ്പ് തരുന്ന സുരക്ഷയെകുറിച്ചും രോഗം ബാധിച്ച തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ വിമുഖത കാണിക്കുന്നുവെന്നുമുള്ള ലോജിസ്റ്റിക് സെന്ററിന്റെ വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനി കണക്കുകള്‍ പുറത്ത് വിട്ടത്.

എന്നാല്‍ അമേരിക്കയില്‍ ഫുഡ്മാര്‍ക്ക് തൊഴിലാളികളുള്‍പ്പെടെ 1.37 ലക്ഷം മുന്‍ നിര തൊഴിലാളികളുള്ള കമ്പനിയില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് രോഗ ബാധയെന്നും ആമസോണ്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടം മുതല്‍ കൊവിഡിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും ജീവനക്കാരുമായി പങ്കിടുന്നുവെന്നുണ്ടെന്നും കമ്പനി  പറയുന്നു.

അതേസമയം കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലുള്ള ആമസോണ്‍ ഡെലിവറി വിഭാഗത്തിലേക്ക് കൂടുതല്‍ പേരെ ക്മ്പനി റിക്രൂട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ഭാഗമായി നിരവധി പേര്‍ തൊഴില്‍ ഉപേക്ഷിച്ചതും പലര്‍ക്കും രോഗം സ്ഥിരീകരിച്ചതുമാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് ദീപാവലി സെയിലിനായി കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഗ്രാമങ്ങളിലേക്ക് കൂടി ഡെലിവറി വികസിപ്പിക്കുകയും പിക് അപ് പോയ്ന്റുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് സമീപം വരെ സാധനങ്ങളെത്തിക്കാനുള്ള സൗകര്യവുമൊക്കെയാണ് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കമ്പനി സജ്ജമാക്കിയിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News